തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി യുഎഇ; ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റ് പൂട്ടും!

വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഇൻഷുറൻസ് അപേക്ഷകളെ ഡിജിറ്റൽ സംവിധാനവുമായി മന്ത്രാലയം നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്

തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി യുഎഇ; ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റ് പൂട്ടും!
dot image

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ആരോ​ഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്നതിൽ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. ഇൻഷുറൻസ് പരിരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട ആറ് പ്രധാന നിയമലംഘനങ്ങൾ മന്ത്രാലയം ഔദ്യോഗികമായി ചൂണ്ടിക്കാണിച്ചു. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനൊപ്പം വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്നതും പുതുക്കി നൽകുന്നത് തടയുന്നതും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

തൊഴിലാളികളെ ഇൻഷുറൻസ് പോളിസിയിൽ ചേർക്കാതിരിക്കുകയോ പോളിസി പുതുക്കാതിരിക്കുകയോ ചെയ്യുക, അടിയന്തിര വൈദ്യസഹായം ഉൾപ്പെടെയുള്ള ചികിത്സാ ചെലവുകൾ വഹിക്കാൻ തൊഴിലുടമ വിസമ്മതിക്കുക, ഇൻഷുറൻസ് തുകയോ അതിന്റെ ഒരു പങ്കോ തൊഴിലാളിയിൽ നിന്ന് ഈടാക്കുക എന്നിവ പ്രധാന ലംഘനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, മന്ത്രാലയം അംഗീകരിച്ച അടിസ്ഥാന മാനദണ്ഡങ്ങൾ ഇല്ലാത്ത ഇൻഷുറൻസ് നൽകുക, വർക്ക് പെർമിറ്റ് നിലനിൽക്കെ പോളിസി റദ്ദാക്കുക, രണ്ട് വർഷത്തെ വിസ കാലാവധിയിലുടനീളം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുക എന്നിവയും ശിക്ഷാർഹമായ കുറ്റങ്ങളാണ്.

വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഇൻഷുറൻസ് അപേക്ഷകളെ ഡിജിറ്റൽ സംവിധാനവുമായി മന്ത്രാലയം നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പോളിസിയുടെ സാധുത ഓൺലൈനായി ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ സാധിക്കും. ഇൻഷുറൻസ് തുക പൂർണ്ണമായും തൊഴിലുടമ തന്നെ വഹിക്കണം. 64 വയസ്സ് വരെയുള്ള തൊഴിലാളികൾക്ക് പ്രതിവർഷം 320 ദിർഹം എന്ന കുറഞ്ഞ നിരക്കിൽ സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് മന്ത്രാലയം ഇൻഷുറൻസ് പൂളുമായി ചേർന്ന് നടപ്പിലാക്കിയിട്ടുള്ളത്.

ഇതോടൊപ്പം, രാജ്യത്തെ ഹെൽത്ത് ഇൻഷുറൻസ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൊതുജനാഭിപ്രായം തേടിക്കൊണ്ടുള്ള ഓൺലൈൻ സർവേയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് വരെ നിലനിൽക്കുന്ന ഈ സർവേയിലൂടെ തൊഴിലുടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും മനസ്സിലാക്കി കൂടുതൽ സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Content Highligts: The UAE has issued a warning to employers regarding mandatory health insurance coverage for employees. Companies that fail to provide the required insurance may face restrictions on work permit services under the applicable regulations.

dot image
To advertise here,contact us
dot image