

മലയാള സിനിമാലോകത്ത് കാലെടുത്ത് വെച്ച നാൾ മുതൽ മികച്ച സിനിമകൾ നൽകി പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടിയിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. നടൻ ഫഹദ് ഫാസിലും സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ചേർന്ന് ആരംഭിച്ച ഈ നിർമാണ കമ്പനി മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത് ഒരിക്കലും മറക്കാനാകാത്ത ഒരുപിടി ചിത്രങ്ങളാണ്.
ഭാവന സ്റ്റുഡിയോസ് ഏറ്റവും ആദ്യം നിർമിച്ച ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. മധു സി നാരായണൻ സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും, മലയാളികളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെയെല്ലാം ഫേവറേറ്റ് ലിസ്റ്റിൽ ഉള്ളതാണ്. പിന്നീട് വന്ന ജോജി, പാൽതു ജാൻവർ, തങ്കം, പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങി ഓരോ ചിത്രങ്ങളും ഭാവന സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്.
പ്രേക്ഷകർക്ക് പൂർണമായും വിശ്വസിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസായി ഈ കാലയളവിനുള്ളിൽ മാറാൻ ഭാവന സ്റ്റുഡിയോസിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക വിജയത്തിനൊപ്പം കണ്ടന്റിലെ പുതുമ കൊണ്ടും മനോഹരമായ സിനിമാഖ്യാന ശൈലികൊണ്ടും കൂടിയാണ് ഇവർ വേറിട്ട് നിൽക്കുന്നത്.
സാധാരണക്കാരുടെ വികാരങ്ങളോടും വിചാരങ്ങളോടും ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളിലൂടെ തന്നെ ലോകസിനിമാവേദിയിൽ മലയാള സിനിമയ്ക്ക് മേൽവിലാസം നേടിയെടുക്കാമെന്ന് ഭാവന സ്റ്റുഡിയോസ് പല തവണ തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഫീൽ ഗുഡ് ഴോണറിൽ മികച്ചൊരു ചിത്രവുമായി ഭാവന സ്റ്റുഡിയോസ് എത്തിയിരിക്കുകയാണ്, ബെത്ലഹേം കുടുംബ യൂണിറ്റ്. 2024ൽ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ഹിറ്റായി മാറിയ പ്രേമലുവിന്റെ രണ്ടാം ഭാഗമായിരുന്നു ഭാവന സ്റ്റുഡിയോസ് പിന്നീട് ചെയ്യാനിരുന്ന ചിത്രം. എന്നാൽ, പിന്നീട് ഈ സിനിമയുടെ നിർമാണം മാറ്റിവെച്ചു. ശേഷമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പ്രഖ്യാപനം നടക്കുന്നത്.
ഗിരീഷ് എ ഡി അടക്കം പ്രേമലു ടീമിലെ ഭൂരിഭാഗം പേരും ഒന്നിച്ച ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നായകനായി എത്തിയ നിവിൻ പോളിയായിരുന്നു ഈ ടീമിലെ പുതിയ അംഗം. പക്ഷെ ഗിരീഷ് എ ഡി യൂണിവേഴ്‌സിലേക്ക് ഏറ്റവും ചേരുന്ന നടനാണ് നിവിൻ പോളിയെന്ന് സിനിമയുടെ പ്രഖ്യാപനം മുതലേ പ്രേക്ഷകർ പറഞ്ഞിരുന്നു. ആ പ്രതീക്ഷകൾ ഇപ്പോൾ സത്യമായിരിക്കുകയാണ്.
Content Highlights: Bhavana Studios win big at box office with Bethlehem Kudumba Unit. The production continues to amaze the Malayalam cinema industry with great films.