വനിതാ ഏഷ്യാകപ്പ്: ട്രോഫി സമ്മാനിക്കാന്‍ നഖ് വി എത്തിയാല്‍ ഇന്ത്യ എന്തുചെയ്യും, വീണ്ടും ചര്‍ച്ച

അടുത്ത ആഴ്ച ദുബായിലാണ് വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്

വനിതാ ഏഷ്യാകപ്പ്: ട്രോഫി സമ്മാനിക്കാന്‍ നഖ് വി എത്തിയാല്‍ ഇന്ത്യ എന്തുചെയ്യും, വീണ്ടും ചര്‍ച്ച
dot image

അടുത്ത ആഴ്ച ദുബായിലാണ് വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. എന്നാല്‍ മത്സരം തുടങ്ങാന്‍ ദിവസങ്ങളുണ്ടെന്നിരിക്കെ ബിസിസിഐക്കാണ് ഇപ്പോള്‍ ധര്‍മസങ്കടം. ഇന്ത്യ ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്താല്‍ കപ്പ് വാങ്ങുമോ എന്നതാണ് ചോദ്യം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) അധ്യക്ഷന്‍ എന്ന നിലയില്‍ പാകിസ്താന്റെ മൊഹ്‌സിന്‍ നഖ്വി വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കാന്‍ വേദിയിലെത്താന്‍ സാധ്യതയുള്ളതാണ് ഇതിന് കാരണം.


കഴിഞ്ഞ വര്‍ഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെയും തുടര്‍ന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകളെയും തുടര്‍ന്ന്, അന്നത്തെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യന്‍ പുരുഷ ടീം നഖ്വിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് നഖ്വി ട്രോഫിയുമായി മടങ്ങുകയും, ചാമ്പ്യന്മാര്‍ക്ക് ഇതുവരെ ആ കിരീടം ഔദ്യോഗികമായി കൈമാറാന്‍ സാധിക്കാതിരിക്കുകയും ചെയ്തു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷനായ നഖ്വി, പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 13 വരെയാണ് വനിതാ ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ നടക്കുന്നത്.

ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് ഇരുടീമുകളും തമ്മിലുള്ള ലീഗ് ഘട്ട മത്സരം. എന്നാല്‍ പുരുഷ ഏഷ്യാ കപ്പില്‍ നിന്ന് വ്യത്യസ്തമായി, ഫൈനലിന് മുന്‍പ് ഒന്നിലധികം തവണ ഇന്ത്യ-പാക് പോരാട്ടങ്ങള്‍ നടക്കാനുള്ള സാധ്യത വനിതാ ടൂര്‍ണമെന്റില്‍ കുറവാണ്. പുരുഷ ടീം ട്രോഫി നിരസിച്ചതിന് പിന്നാലെ, എസിസി ഓഫീസില്‍ വന്ന് ട്രോഫി കൈപ്പറ്റാമെന്ന് നഖ്വി വ്യക്തമാക്കിയിരുന്നു. ഇന്ത്യ തന്നില്‍ നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന് നഖ്വി നിലപാടെടുത്തതോടെ ടൂര്‍ണമെന്റ് കഴിഞ്ഞിട്ടും ഈ വിഷയം വിവാദമായി തുടരുകയായിരുന്നു.

ഹര്‍മന്‍പ്രീത് കൗറും സംഘവും കിരീടം ഉയര്‍ത്തുകയാണെങ്കില്‍, അവര്‍ക്ക് ട്രോഫി കൈമാറുന്നത് ആരായിരിക്കും എന്നത് ഈ ടൂര്‍ണമെന്റിലെ ഏറ്റവും കൗതുകകരമായ കാര്യമായി മാറും. നഖ്വി കിരീടം നല്‍കുകയാണെങ്കില്‍ ഇന്ത്യ സ്വീകരിക്കാന്‍ തയ്യാറാകില്ലായിരിക്കും. അങ്ങനെയെങ്കില്‍ പുരുഷ ടീമിനെപ്പോലെ വനിതാ ടീമും ചാമ്പ്യന്മാരായി കിരീടമില്ലാതെ മടങ്ങുമോ എന്നതാണ് ആകാംക്ഷ. ഏഷ്യാകപ്പില്‍ ഏറ്റവുമധികം കിരീടങ്ങള്‍ നേടിയ ടീം ഇന്ത്യയാണ്. ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

content highlights: Women's Asia Cup: Debate Resurfaces Over India's Stance If PCB Chief Mohsin Naqvi Presents the Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us