ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി അതീവ ശ്രദ്ധ -മാനവ് സുതാര്‍

ടെസ്റ്റ് ക്രിക്കറ്റിനെ ഞാന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടത്തിന് ശേഷം മാനവ് സുതാര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി അതീവ ശ്രദ്ധ -മാനവ് സുതാര്‍
dot image

ടെസ്റ്റ് ക്രിക്കറ്റിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ദിവസേന തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മാനവ് സുതാര്‍. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 165 റണ്‍സിന് വിജയിച്ച മത്സരത്തില്‍ തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടം കൈവരിച്ച ശേഷമാണ് താരത്തിന്റെ പ്രതികരണം. 372 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക, അഞ്ചാം ദിനത്തില്‍ 206 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 55 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയ സുതാര്‍, ആദ്യ ഇന്നിംഗ്‌സിലെ നാല് വിക്കറ്റുകള്‍ കൂടി ചേര്‍ത്ത് മത്സരത്തിലാകെ 10 വിക്കറ്റുകള്‍ തികച്ചു.

ബിസിസിഐ തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് മാനവ് സുതാര്‍ മനസ്സ് തുറന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം വരും മത്സരങ്ങളിലെ സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഠിന പരിശീലനം നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ന്യൂ ചണ്ഡീഗഡില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് സുതാര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റ മത്സരത്തിലെ 'പ്ലെയര്‍ ഓഫ് ദി മാച്ച്' പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.

'ടെസ്റ്റ് ക്രിക്കറ്റിനെ ഞാന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പരിശീലനത്തിന് ഇറങ്ങുമ്പോഴെല്ലാം ഓരോ ദിവസവും പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം. എന്റെ കഴിവുകള്‍ പരമാവധി പരിശീലിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കാറുള്ളത്. അഫ്ഗാനിസ്ഥാന്‍ മത്സരത്തിന് ശേഷം പുതിയ സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കൂക്കബുറ പന്ത് ഉപയോഗിച്ചായിരുന്നു മത്സരം എന്നതിനാല്‍, ഗെയിമുമായി വേഗത്തില്‍ അടുത്തുനില്‍ക്കാന്‍ വീട്ടിലെ നെറ്റ്‌സില്‍ കൂക്കബുറ പന്ത് ഉപയോഗിച്ച് ഞാന്‍ ധാരാളം പരിശീലിച്ചിരുന്നു, -സുതാര്‍ പറഞ്ഞു.

തുടര്‍ച്ചയായ കൃത്യതയും ക്ഷമയോടെയുള്ള ബൗളിംഗുമാണ് ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കിയതെന്ന് സുതാര്‍ കൂട്ടിച്ചേര്‍ത്തു. താനും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും കൃത്യമായ ഇടങ്ങളില്‍ നിരന്തരം പന്തെറിയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പരമ്പരയിലെ ആദ്യ മത്സരം തന്നെ ജയിച്ച് തുടങ്ങുന്നത് ടീമിന് വലിയ ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രത്യേകിച്ച് രഹസ്യങ്ങളൊന്നുമില്ല. ഭാഗ്യവശാല്‍, ഞങ്ങള്‍ മത്സരം വിജയിച്ചു എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ വളരെ സന്തോഷമുണ്ട്. ടീമിന്റെ വിജയത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പുതിയ ബാറ്റര്‍മാര്‍ക്ക് ഈ വിക്കറ്റില്‍ റണ്‍സ് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതിനാല്‍ ക്ഷമയോടെ പന്തെറിയുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. ജഡ്ഡു ഭായിയും കുല്ലു ഭായിയും ഞാനും കൃത്യമായ ഒരിടത്ത് ക്ഷമയോടെ പന്തെറിഞ്ഞാല്‍ ഫലം താനേ വരുമെന്ന് ഉറപ്പായിരുന്നു. ആ ക്ഷമ നിലനിര്‍ത്തുക മാത്രമായിരുന്നു ഞങ്ങള്‍ ചെയ്തത്' -സുതാര്‍ പറഞ്ഞു. 'പരമ്പരയുടെ തുടക്കത്തില്‍ തന്നെ നല്ലൊരു താളം കണ്ടെത്താന്‍ കഴിയുന്നത് ടീമിന് വലിയ ഊര്‍ജ്ജം നല്‍കും. വിജയം എല്ലാവര്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ജയിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. ഞങ്ങള്‍ മത്സരം ജയിച്ചു എന്നതിനേക്കാള്‍ മികച്ച മറ്റൊരു സന്തോഷമില്ല' -സുതര്‍ വ്യക്തമാക്കി.

content highlights: "I Take Test Cricket Very Seriously": Manav Suthar After Maiden 10-Wicket Haul

dot image
To advertise here,contact us
dot image