

രാവിലെ എഴുന്നേറ്റ ഉടന്‍ ഉണക്കമുന്തിരി വെള്ളം കുടിച്ചാലുണ്ടാകുന്ന ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ആരോഗ്യ ട്രെന്‍ഡുകളിലൊന്നാണ്. തലേദിവസം രാത്രി വെള്ളത്തില്‍ ഇട്ടുവെച്ച ഉണക്കമുന്തിരി രാവിലെ കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് രീതി.
തടി കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മത്തിന് തിളക്കം നല്‍കാനുമൊക്കെ ഉണക്കമുന്തിരി വെള്ളത്തിന് കഴിയുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇതെല്ലാം ശരിയാണോ?സെലിബ്രിറ്റി ഡയറ്റീഷ്യന്‍ സിമ്രത് കതൂരിയ പറയുന്ന കാര്യങ്ങള്‍ എന്താണെന്നറിയാം.

ഉണക്കമുന്തിരിയില്‍ ഭക്ഷ്യനാരുകള്‍, പൊട്ടാസ്യം, പോളിഫീനോള്‍ പോലുള്ള സസ്യസംയുക്തങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് സഹായിക്കാനും വയര്‍ നിറഞ്ഞതായി തോന്നാനും സഹായിക്കുന്നു. ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍ പ്രധാനമായും ഉണക്കമുന്തിരി കഴിക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. അത് കുതിര്‍ത്ത് വെച്ച വെള്ളം മാത്രം കുടിക്കുന്നതിലൂടെ ഇതേ ഗുണങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ല.
ഉണക്കമുന്തിരി വെള്ളം കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് നേരിട്ട് കത്തിപ്പോകുമെന്നതിന് തെളിവില്ല. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആവശ്യമായ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ചില രീതിയില്‍ സഹായകരമായേക്കാം. എന്നാല്‍ അതിന്റെ കാരണം ഉണക്കമുന്തിരി വെള്ളത്തിന് പ്രത്യേകമായ കൊഴുപ്പ് കത്തിക്കുന്ന കഴിവുണ്ടെന്നല്ല.

പലരും വിശ്വസിക്കുന്ന മറ്റൊരു കാര്യം ഉണക്കമുന്തിരി വെള്ളം കുടിച്ചാല്‍ ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തുപോകുമെന്നാണ്. എന്നാല്‍ ഇതിനെ ഒരു പ്രത്യേക 'ഡിറ്റോക്‌സ് ഡ്രിങ്ക്' ആയി കാണേണ്ടതില്ല. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നമ്മുടെ കരളും വൃക്കകളും സ്വാഭാവികമായി പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഉണക്കമുന്തിരി കുതിര്‍ത്ത് വെച്ച വെള്ളം കുടിക്കുന്നതിനേക്കാള്‍ അതിനൊപ്പം കുതിര്‍ത്ത ഉണക്കമുന്തിരിയും കൂടി കഴിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരം. കാരണം ഉണക്കമുന്തിരിയിലെ ഭക്ഷ്യനാരുകളും മറ്റ് പോഷകങ്ങളും വലിയ അളവില്‍ വെള്ളത്തിലേക്ക് ലയിക്കുന്നില്ല. അതുകൊണ്ട് മുന്തിരി എടുത്തുമാറ്റിയ ശേഷം വെള്ളംമാത്രം കുടിക്കുന്നത് അത്ര നല്ല ആശയമല്ല.

ഉണക്കമുന്തിരി ഉണക്കിയ പഴമായതിനാല്‍ അതില്‍ സ്വാഭാവിക പഞ്ചസാരയും കലോറിയും കൂടുതലായി രിക്കും. അതിനാല്‍ അമിതമായി കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് പ്രമേഹമുള്ളവരും കലോറി കണക്കാക്കി ഭക്ഷണം കഴിക്കുന്നവരും ശ്രദ്ധിച്ചുവേണം ഇക്കാര്യം ചെയ്യാന്‍.
ഉണക്കമുന്തിരി ഇഷ്ടമാണെങ്കില്‍ രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ വെള്ളത്തോടൊപ്പം ഉണക്കമുന്തിരിയും കഴിക്കാം. എന്നാല്‍ ഇത് നിര്‍ബന്ധമായും എല്ലാവരും പിന്തുടരേണ്ട ആരോഗ്യരീതിയല്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ചുരുക്കത്തില്‍ ഉണക്കമുന്തിരി നല്ലൊരു ഭക്ഷണമാണ്. എന്നാല്‍ ഉണക്കമുന്തിരി കുതിര്‍ത്ത് വെച്ച വെള്ളത്തെ ഒരു അത്ഭുത ആരോഗ്യപാനീയമായി കാണേണ്ടതില്ല എന്നാണ് സെലിബ്രിറ്റി ഡയറ്റീഷ്യനായ സിമ്രത് കതൂരിയ പറയുന്നത്.
Content Highlights :Can water in which raisins have been soaked help with weight loss, improving digestion, removing toxins from the body, and adding a glow to the skin?