

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ ലഭിച്ച സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വാദം തള്ളി സര്‍ക്കാര്‍. സസ്പെന്‍ഷന്‍ എസ്‌ഐടി റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലെന്നാണ് സര്‍ക്കാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. സസ്പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിടാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഒപ്പിട്ടില്ലെന്ന അജിത് കുമാറിന്റെ വാദവും സര്‍ക്കാര്‍ തള്ളി.
പ്രൊമോഷന്‍ തടയാനാണ് സസ്പെന്‍ഷന്‍ എന്ന വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചാണ് എം ആര്‍ അജിത് കുമാറിന്റെ സസ്പെന്‍ഷന്‍. സസ്പെന്‍ഷന് മുമ്പ് അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു. അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ അജിത് കുമാര്‍ ഇടപെട്ടെന്ന് എസ്‌ഐടി കണ്ടെത്തി. അജിത് കുമാര്‍ ഇടപെട്ട് ചിലരുടെ മൊഴി മാറ്റിയതിന് തെളിവുണ്ടെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സസ്പെന്‍ഷന്‍ രാഷ്ട്രീയപ്രേരിതമെന്ന അജിത് കുമാറിന്റെ ആരോപണം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അജിത് കുമാറിന്റെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി സെപ്റ്റംബര്‍ മൂന്നാം തീയതി ട്രിബ്യൂണല്‍ പരിഗണിക്കും.
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജുലൈ 23-ാം തീയതിയായിരുന്നു അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവര്ത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ച കേസ് അജിത് കുമാര്‍ അട്ടിമറിച്ചതായായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് അജിത് കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനോട് ട്രിബ്യൂണല്‍ വിശദീകരണം തേടിയിരുന്നു. അതിലാണ് സര്‍ക്കാര്‍ വിശദീകരണം നൽകിയിരിക്കുന്നത്.
Content Highlights- The Kerala government has opposed Ajith Kumar’s petition challenging his suspension and sought its dismissal. In its affidavit, the government stated that the suspension was based on serious findings in the SIT report