കൽക്കരിയിൽ നിന്ന് ഗ്യാസ്; ചൈനയെയും ഇറക്കുമതിയെയും ഒഴിവാക്കാൻ റിലയൻസ്; വരുന്നു 2.7 ലക്ഷം കോടിയുടെ മെഗാ പദ്ധതി

നിർദേശം നടപ്പായാൽ, ആഭ്യന്തര വിഭവങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം കെമിക്കൽസ്, ഗ്യാസ്, ഇന്ധനം തുടങ്ങിയ മേഖലകളിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും സഹായിക്കാം

കൽക്കരിയിൽ നിന്ന് ഗ്യാസ്; ചൈനയെയും ഇറക്കുമതിയെയും ഒഴിവാക്കാൻ റിലയൻസ്; വരുന്നു  2.7 ലക്ഷം കോടിയുടെ മെഗാ പദ്ധതി
dot image

ഇന്ത്യയുടെ ഊർജ സുരക്ഷയിൽ വൻ മാറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ്. ഏകദേശം 2.7 ലക്ഷം കോടി നിക്ഷേപം ലക്ഷ്യമിടുന്ന കൽക്കരി ഗ്യാസിഫിക്കേഷൻ പദ്ധതിയിലൂടെ രാജ്യത്തിന്റെ ആഭ്യന്തര കൽക്കരി വിഭവങ്ങളെ കൂടുതൽ മൂല്യമുള്ള ഉൽപന്നങ്ങളാക്കി മാറ്റാനാണ് നീക്കം.

കൽക്കരി നേരിട്ട് കത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രീതിക്ക് പകരം, കൽക്കരി ഗ്യാസിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സിന്തറ്റിക് ഗ്യാസ് അഥവാ ‘സിങ്കാസ്’ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ഈ സിങ്കാസ് പിന്നീട് കെമിക്കൽസ്, ഇന്ധനം, വ്യാവസായിക അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കാം.

ഇന്ത്യയുടെ ഊർജ ആവശ്യകത ഉയരുന്നതിനൊപ്പം എണ്ണ, പ്രകൃതി വാതകം തുടങ്ങിയ വിഭവങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രിതത്വവും വലിയ സാമ്പത്തിക ബാധ്യതയാണ്. ആഗോള വിപണിയിൽ വില കുതിക്കുകയോ വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകുകയോ ചെയ്താൽ രാജ്യത്തിന്റെ വ്യവസായ മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും അത് ബാധിക്കും.

അതിനാൽ രാജ്യത്തിനുള്ളിലെ കൽക്കരി വിഭവങ്ങളെ തന്നെ ഉയർന്ന മൂല്യമുള്ള ഊർജ-വ്യാവസായിക ഉൽപന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതികൾക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്. റിലയൻസിന്റെ നിർദേശം നടപ്പായാൽ, ആഭ്യന്തര വിഭവങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം കെമിക്കൽസ്, ഗ്യാസ്, ഇന്ധനം തുടങ്ങിയ മേഖലകളിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും സഹായിക്കാം. ഇന്ത്യയുടെ ഊർജ സുരക്ഷയെ കൂടുതൽ ശക്തമാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള നീക്കമായാണ് പദ്ധതിയെ കാണുന്നത്.

എന്നാൽ ഇത്രയും വലിയ പദ്ധതിക്ക് വൻ മൂലധന നിക്ഷേപം, സാങ്കേതിക വെല്ലുവിളികൾ, പരിസ്ഥിതി ആശങ്കകൾ, സാമ്പത്തിക ലാഭക്ഷമത തുടങ്ങിയ കാര്യങ്ങൾ നിർണായകമാകും.കൽക്കരിയെ വെറും ഇന്ധനമായി കാണാതെ രാജ്യത്തിന്റെ വ്യാവസായിക വളർച്ചയ്ക്കുള്ള അസംസ്കൃത വിഭവമായി മാറ്റുക എന്നതാണ് റിലയൻസിന്റെ നീക്കത്തിന്റെ പ്രധാന പ്രത്യേകത. പദ്ധതി വിജയകരമായാൽ ഇന്ത്യയുടെ ഊർജ മേഖലയിലും വ്യവസായ മേഖലയിലും ദീർഘകാല മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കിയേക്കാം.

Content Highlights: Reliance’s ₹2.7 Lakh Crore Energy Bet: Turning Coal Into a Strategic Asset

dot image
To advertise here,contact us
dot image