

ഇറാന്റെ വധഭീഷണിയെ തുടര്‍ന്ന് രഹസ്യമായി വിമാനം മാറിയതായി സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ മാസം തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ആക്രമണ സാധ്യത കണക്കിലെടുത്ത് വിമാനം മാറ്റിയത്.
സീക്രട്ട് സര്‍വീസും സൈന്യവും തന്നോട് മറ്റൊരു വിമാനത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും താന്‍ അത് അനുസരിക്കണമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ താന്‍ യാത്ര ചെയ്ത വിമാനത്തിനായിരുന്നു യഥാര്‍ത്ഥത്തില്‍ കൂടുതല്‍ അപകടസാധ്യതയുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി ഭീഷണികള്‍ സാധാരണ ലഭിക്കാറുള്ളതായും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 8നാണ് വിമാനം മാറ്റിയത്. യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, അങ്കാറയില്‍ വച്ച് കാറ്ററിംഗ് ട്രക്കിന്റെ മറവില്‍ ട്രംപിനെ പ്രസിഡന്റിന്റെ വിമാനത്തില്‍ നിന്ന് മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് അന്ന് പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഈ ആഴ്ചയാണ് ദി വാഷിങ്ടണ്‍ പോസ്റ്റ് സംഭവം പുറത്തുകൊണ്ടുവന്നത്.
ട്രംപ് വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോഴും എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യാത്ര തുടരുകയായിരുന്നു. ട്രംപിനെ വിമാനത്തില്‍ നിന്ന് മാറ്റിയ വിവരം ഇവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇറാന്റെ ആക്രമണ സാധ്യതയുള്ള സാഹചര്യത്തില്‍ വിമാനത്തിലുണ്ടായിരുന്നവരും അപകടസാധ്യത നേരിട്ടതായി വിലയിരുത്തപ്പെടുന്നു.
അമേരിക്കന്‍ സൈനികരെ അനാവശ്യവും അപകടകരവുമായ യുദ്ധത്തിലേക്ക് എത്തിച്ചത് ട്രംപാണെന്ന് അമേരിക്കൻ സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമര്‍ ആരോപിച്ചു. അമേരിക്കയുടെ സുരക്ഷയെക്കാള്‍ ട്രംപിന്റെ ആഡംബരത്തിനും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുമാണ് റിപ്പബ്ലിക്കന്‍ നേതൃത്വം മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Trump secretly switched planes during the NATO summit amid a potential Iranian assassination threat