

ഓഗസ്റ്റില്‍ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിച്ചേക്കില്ല. ഇടതുകാലിലെ മുട്ടിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാന്‍ ബി.സി.സി.ഐ മെഡിക്കല്‍ സംഘം കൂടുതല്‍ സമയം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണിത്. അതേസമയം, ബുംറയ്ക്ക് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജൂലൈ 16-ന് കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം ബുംറ പന്തെറിഞ്ഞിട്ടില്ല. കാര്‍ഡിഫില്‍ ഫീല്‍ഡിങ്ങിനിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്ന് ലോര്‍ഡ്‌സില്‍ നടന്ന അവസാന ഏകദിനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം, ബി.സി.സി.ഐ മെഡിക്കല്‍ ടീം തയ്യാറാക്കിയ ദീര്‍ഘകാല ഫിറ്റ്നസ് പ്ലാനിന്റെ ഭാഗമായി ബുംറയുടെ പരിക്കിന് ചികിത്സ നല്‍കിത്തുടങ്ങിയിരുന്നു.
ഈ ആഴ്ച ബംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ എത്തിയ ബുംറ ഫിറ്റ്‌നസ് പരിശോധനകള്‍ക്ക് വിധേയനായി. ഇപ്പോള്‍ പന്തെറിയാന്‍ തുടങ്ങിയാല്‍ പരിക്ക് കൂടുതല്‍ ഗുരുതരമാകാനും കൂടുതല്‍ കാലം പുറത്തിരിക്കേണ്ടി വരാനും സാധ്യതയുള്ളതിനാല്‍ പെട്ടെന്ന് ബൗളിങ്ങിലേക്ക് മടങ്ങിയെത്തരുതെന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
ബുംറയുടെ പരിക്കിന്റെ കൃത്യമായ സ്വഭാവവും കാഠിന്യവും ഇതുവരെ വ്യക്തമായിട്ടില്ല. ഐ.പി.എല്ലിന് മുന്നോടിയായി മാര്‍ച്ച് അവസാനം ബുംറ ഫിറ്റ്നസ് വിലയിരുത്തലിനായി ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലെത്തുകയും മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ ഐ.പി.എല്ലില്‍ 13 മത്സരങ്ങളില്‍ കളിച്ചെങ്കിലും മുംബൈയുടെ അവസാന മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല.
ഇന്ത്യന്‍ ടീം നിലവില്‍ നിരവധി പരിക്കുകളുടെ ആശങ്കയിലാണ്. പരിക്കുകള്‍ കാരണം ഹര്‍ഷിത് റാണയും നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്താണ്. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് ആദ്യ ടെസ്റ്റ് നഷ്ടമാകും. പരിക്കില്‍ നിന്ന് മുക്തനായി വരുന്ന ആകാശ് ദീപും ടീമില്‍ ലഭ്യമായിട്ടില്ല. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതല്‍ ഗാള്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിലും നടക്കും. ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പര. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് 4 ജയവും 4 തോല്‍വിയുമായി 48.150 പോയിന്റോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
content highlights: Jasprit Bumrah Likely to Miss Test Series Against Sri Lanka