

ഫുട്‌ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ അര്‍ജന്റീനയുടെ വിജയത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 'ലാ ആല്‍ബിസെലെസ്റ്റെ' വേഗതയേറിയതും, ഒട്ടും ഭയമില്ലാത്തതുമായ ടീമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അറ്റ്‌ലാന്റയില്‍ നടന്ന ഈ വിജയത്തോടെ അര്‍ജന്റീന ഫിഫ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അവര്‍ സ്‌പെയിനെ നേരിടും. അതേസമയം, ഈ തോല്‍വിയോടെ 1966-ന് ശേഷം ആദ്യമായി ഫൈനലിലെത്താമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങള്‍ അവസാനിച്ചു.
അര്‍ജന്റീനയുടെ ചാമ്പ്യന്‍ മനോഭാവത്തെ അഭിനന്ദിച്ചു. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തെ എടുത്തുപറഞ്ഞ അദ്ദേഹം, കടുത്ത പോരാട്ടം കാഴ്ചവെച്ച ഇംഗ്ലണ്ടിനെയും അഭിനന്ദിച്ചു. 'എന്തൊരു സെമിഫൈനല്‍! ഏറ്റവും ആവശ്യമുള്ള സമയത്ത് ചാമ്പ്യന്മാര്‍ എങ്ങനെയാണ് ഉയര്‍ന്നുവരുന്നതെന്ന് അര്‍ജന്റീന കാണിച്ചുതന്നു. വേഗതയേറിയതും, ഭയമില്ലാത്തതും, തികഞ്ഞ ക്ലാസുള്ളതുമായ പ്രകടനം. രണ്ടാം പകുതിയിലെ മികച്ച കളി ലോകകപ്പ് ഫൈനലിലേക്ക് അവര്‍ക്ക് യോഗ്യത നേടിത്തന്നു. മികച്ച പോരാട്ടം കാഴ്ചവെച്ച ഇംഗ്ലണ്ടിനും അഭിനന്ദനങ്ങള്‍. ഏറ്റവും മനോഹരമായ ഫുട്‌ബോള്‍ നിമിഷം,' -ഹര്‍ഭജന്‍ കുറിച്ചു.
മത്സരത്തിന്റെ ആദ്യം പിന്നിലായിരുന്ന അര്‍ജന്റീന അവസാന നിമിഷങ്ങളില്‍ നടത്തിയ മികച്ച തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മധ്യനിരയില്‍ കനത്ത പോരാട്ടമാണ് നടത്തിയത്. തുടര്‍ന്ന് 55-ാം മിനിറ്റില്‍ മോര്‍ഗന്‍ റോജേഴ്‌സിന്റെ ക്രോസില്‍ നിന്ന് ആന്റണി ഗോര്‍ഡന്‍ നേടിയ ഗോളിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. ലീഡ് നേടിയ ശേഷം ഇംഗ്ലണ്ട് കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ അര്‍ജന്റീന ആധിപത്യം സ്ഥാപിച്ചു. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച അര്‍ജന്റീനയുടെ മുന്നേറ്റങ്ങളെ പലതവണ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തടഞ്ഞു. ഇതിനിടെ അലക്‌സിസ് മാക് അലിസ്റ്ററിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
എങ്കിലും കളി അവസാനിക്കാന്‍ അഞ്ചുമിനിറ്റ് ശേഷിക്കെ അര്‍ജന്റീനയുടെ കാത്തിരിപ്പ് അവസാനിച്ചു. 85-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് എന്‍സോ ഫെര്‍ണാണ്ടസ് സമനില ഗോള്‍ നേടി. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ മെസ്സിയുടെ മറ്റൊരു മികച്ച ക്രോസ് ലൗട്ടാറോ മാര്‍ട്ടിനസ് ഹെഡ്ഡറിലൂടെ വലയിലാക്കിയതോടെ അര്‍ജന്റീന അവിശ്വസനീയമായ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇനി മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഫ്രാന്‍സിനെ നേരിടും. നിലവിലെ കിരീടം നിലനിര്‍ത്താന്‍ അര്‍ജന്റീന ഫൈനലില്‍ സ്‌പെയിനുമായി മാറ്റുരയ്ക്കും.
content highlights: Harbhajan Singh praises Argentina; 'They are a fearless team' - Harbhajan Singh