

ഒമ്പത് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ശ്രീലങ്കയിലേക്ക് പോകാന്‍ ഇന്ത്യ. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 15-ന് തുടങ്ങും. ഗാലെയിലാണ് ആദ്യ ടെസ്റ്റ് മത്സരം. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. പരമ്പരയില്‍ വൈറ്റ് ബോള്‍ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അതേക്കുറിച്ച് വ്യക്തതയില്ല.
2017-ലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിച്ചത്. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പായിരുന്നു കളിച്ചിരുന്നത്. വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയിലുള്ള അന്നത്തെ ടീം 3-0 ന് പരമ്പര സ്വന്തമാക്കി. 2017-ല്‍ കളിച്ച ആ ടീമില്‍ നിന്ന് നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ സജീവമായിട്ടുള്ളത് കെഎല്‍ രാഹുലും കുല്‍ദീപ് യാദവും മാത്രമാണ്. മറ്റുള്ളവരെല്ലാം ശ്രീലങ്കയിലേക്ക് പുതുമുഖങ്ങളായാണ് പോകുന്നത്.
ഡബ്ല്യുടിസി പോയിന്റ് പട്ടികയിലെ നിര്‍ണായക പോരാട്ടമാണിത്. കഴിഞ്ഞ നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലേറ്റ തോല്‍വിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരമ്പരയാണിതെന്ന പ്രത്യേകതയുമുണ്ട്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മികച്ച പ്രതീക്ഷയിലാണ്. ഈയിടെ അഫ്ഗാനിസ്ഥാനെതിരെ ഒരു ടെസ്റ്റ് മത്സരം കളിച്ചിരുന്നു. പക്ഷെ, അത് ഡബ്ല്യുടിസിയുടെ ഭാഗമായിരുന്നില്ല. നിലവിലെ ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യ ഇതുവരെ മൂന്ന് പരമ്പരകളാണ് കളിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2 ന് സമനിലയിലായപ്പോള്‍, ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെ നാട്ടില്‍ 2-0 ന് പരാജയപ്പെടുത്തി. പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്കയോടുള്ള തോല്‍വി. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
content highlights: India to tour Sri Lanka for Test cricket; First time in nine years