ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ വന്‍ വര്‍ധന; ശക്തമായ എണ്ണ ഇറക്കുമതി നടത്തി രാജ്യം

മാര്‍ച്ച് അവസാനത്തോടെ ക്രൂഡ് ഓയില്‍ ശേഖരം 95.5 ദശലക്ഷം ബാരലിലേക്കും, ഏപ്രില്‍ അവസാനത്തോടെ 90.5 ദശലക്ഷം ബാരലിലേക്കും കുറഞ്ഞു

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ വന്‍ വര്‍ധന; ശക്തമായ എണ്ണ ഇറക്കുമതി നടത്തി രാജ്യം
dot image

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ശേഖരം കുത്തനെ ഉയര്‍ന്ന് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോള സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ നീങ്ങിയതോടെ, ശക്തമായ ക്രൂഡ് ഓയില്‍ ഇറക്കുമതി നടത്തുകയാണ് ഇന്ത്യ.

കമോഡിറ്റി ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, ജൂണ്‍ അവസാനത്തോടെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ശേഖരം 104 ദശലക്ഷം ബാരലായി ഉയര്‍ന്നു. ഏപ്രില്‍ അവസാനം ഇത് 90.5 ദശലക്ഷം ബാരല്‍ മാത്രമായിരുന്നു. ഈ കണക്കില്‍ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരവും , വാണിജ്യ ശേഖരങ്ങളും, റിഫൈനറികളിലെ സ്റ്റോക്കുകളും ഉള്‍പ്പെടുന്നു. എന്നാല്‍ പൈപ്പ്ലൈനുകളിലോ ഇന്ത്യയിലേക്ക് വരികയായിരിക്കുന്ന ടാങ്കറുകളിലോ ഉള്ള ക്രൂഡ് ഓയില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യ പ്രതിദിനം ഏകദേശം 50 ലക്ഷം ബാരല്‍ (5 മില്യണ്‍ ബാരല്‍) ക്രൂഡ് ഓയില്‍ ഉപയോഗിക്കുന്നു. നിലവിലെ ശേഖരം ഏകദേശം 21 ദിവസത്തെ ആവശ്യത്തിന് മതിയാകും. ഫെബ്രുവരി അവസാനത്തില്‍, ഇറാനുമായുള്ള യുദ്ധം ആരംഭിച്ച സമയത്ത് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ശേഖരം 107 ദശലക്ഷം ബാരലായിരുന്നു. കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മാസാവസാന ശേഖരമായിരുന്നു അത്.

യുദ്ധം ഇറക്കുമതിയെ ബാധിച്ചതോടെ, റിഫൈനറികള്‍ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ ശേഖരത്തില്‍ നിന്ന് എണ്ണ ഉപയോഗിച്ചു. ഇതോടെ മാര്‍ച്ച് അവസാനത്തോടെ ശേഖരം 95.5 ദശലക്ഷം ബാരലിലേക്കും, ഏപ്രില്‍ അവസാനത്തോടെ 90.5 ദശലക്ഷം ബാരലിലേക്കും കുറഞ്ഞു. ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കാനും പെട്രോള്‍ പമ്പുകളില്‍ ക്ഷാമമോ നീണ്ട ക്യൂകളോ ഉണ്ടാകാതിരിക്കാനുമായിരുന്നു ഉയര്‍ന്ന തോതില്‍ റിഫൈനറി പ്രവര്‍ത്തനം തുടരാനുള്ള തീരുമാനം. ഇന്ധന ക്ഷാമം ഉണ്ടായിരുന്നെങ്കില്‍ അത് രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചേനെയെന്ന് വ്യവസായ രംഗത്തെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാജ്യത്ത് ഇന്ധന ക്ഷാമമോ പമ്പുകളിലെ നീണ്ട ക്യൂകളോ ഉണ്ടായിരുന്നില്ല എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യാഴാഴ്ച പറഞ്ഞത്. എന്നിരുന്നാലും, ചില സംസ്ഥാനങ്ങളില്‍ ഇന്ധന ക്ഷാമവും നിയന്ത്രിത വിതരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ജനങ്ങളുടെ പരിഭ്രാന്തി മൂലമുള്ള അമിത വാങ്ങല്‍, സ്വകാര്യ പെട്രോള്‍ പമ്പുകളില്‍ നിന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം, കൂടാതെ വലിയ തോതില്‍ ഇന്ധനം ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ റീട്ടെയില്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങിയത് എന്നിവയെ തുടര്‍ന്നായിരുന്നു.

യുദ്ധകാലത്ത് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടപ്പെട്ടത് ഇന്ത്യയുടെ ഏകദേശം 40 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ബാധിക്കാനുള്ള സാധ്യത സൃഷ്ടിച്ചു. ഇതോടെ ഇന്ത്യന്‍ റിഫൈനറികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ വില നല്‍കിയെങ്കിലും ബദല്‍ ക്രൂഡ് ഓയില്‍ ചരക്കുകള്‍ കണ്ടെത്താന്‍ ശ്രമം നടത്തി.

അമേരിക്കയുടെ ഉപരോധ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ ക്രൂഡ് ഓയില്‍ ആവശ്യത്തിന് ലഭ്യമായത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി. അതിനാല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വലിയ ഇടിവ് ഉണ്ടായില്ല. കെപ്ലറിന്റെ കണക്കുകള്‍ പ്രകാരം, ഫെബ്രുവരിയിലെ 5.2 മില്യണ്‍ ബാരല്‍ പ്രതിദിനം എന്ന നിലയില്‍ നിന്ന് മാര്‍ച്ചില്‍ ഇറക്കുമതി 4.47 മില്യണ്‍ ബാരലായി (14 ശതമാനം കുറവ്) താഴ്ന്നു. ഏപ്രിലില്‍ ഇത് 4.54 മില്യണ്‍ ബാരലായും, മേയില്‍ 4.96 മില്യണ്‍ ബാരലായും ഉയര്‍ന്നു. ജൂണില്‍ ഇറക്കുമതി പ്രതിദിനം 4.93 മില്യണ്‍ ബാരല്‍ ആയിരുന്നു.

നിലവില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഇടക്കാല ധാരണയായതും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടതും മൂലം ക്രൂഡ് ഓയില്‍ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമായി.

Content Highlights: India's crude oil inventory has rebounded to 104 million barrels, nearing a one-year high, as strong imports and steady refinery operations helped restore supplies following disruptions caused by the Iran conflict

dot image
To advertise here,contact us
dot image