

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന്‍റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യൻ മുൻ താരം മനോജ് തിവാരി. ക്രിക്‌ബസിനോട് സംസാരിക്കവെയായിരുന്നു താരം വൈഭാവിനെ പ്രശംസിച്ചുകൊണ്ട് പ്രതികരണം നടത്തിയത്. ഇന്നലെ 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ വൈഭവ് അനവധി റെക്കോര്‍ഡുകളും ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു.
വൈഭവ് സൂര്യവംശിയുടെ പ്രഹരശേഷി ബൗളർമാരിൽ ഭയമുണ്ടാക്കുന്നതാണ് പറഞ്ഞ മനോജ് തിവാരി, അവന്‍റെ ബാറ്റ് ഒന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എതിർ ബൗളര്‍മാർ പരാതി ഒപ്പിട്ട് നൽകിയാലും അത്ഭുതപ്പെടാനില്ലെന്ന് കൂട്ടിച്ചേർത്തു. മനോജ് തിവാരി പറഞ്ഞു. 'വൈഭവ് സൂര്യവംശി നന്നായി പന്ത് സ്ട്രൈക്ക് ചെയ്യുന്നുണ്ടെന്ന് പലരും പറയുന്നുണ്ട്. എന്നാൽ ഈ പവർ വരുന്നത് എവിടെ നിന്നാണെന്ന് മനസിലാക്കണം. അവന്‍റെ ബാറ്റ് സ്പീഡ് വളരെ കൂടുതലാണ്. തേർഡ്മാൻ ഭാഗത്ത് നിന്നാണ് അവന്‍റെ ബാറ്റ് സ്വിംഗ് വരുന്നത്, അതുകൊണ്ട് തന്നെ ഓൺ - സൈഡ് അവന്‍റെ ശക്തമായ മേഖലയുമാണ്. അവനെ കുടുക്കാൻ ഇനി ഒരേയൊരു വഴിയേ ഉള്ളൂ, കെയ്ൽ ജാമിസൺ എറിഞ്ഞതുപോലെ ഇൻസ്വിംഗിങ് യോർക്കറുകൾ എറിയുക. ഈ ബാറ്റ് സ്പീഡ് ഉള്ളിടത്തോളം കാലം അവൻ റൺസ് അടിച്ചുകൂട്ടി കൊണ്ടേയിരിക്കും. ബൗളർമാർ എല്ലാവരും ഇനി അവന്‍റെ ബാറ്റ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു പരാതി ഒപ്പിട്ട് നൽകേണ്ടി വരും', മനോജ് തിവാരി തമാശരൂപേണ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോർഡിന് വെറും 3 റൺസ് അകലെയായിരുന്നു വൈഭവിന് ഇന്നലെ തന്റെ വിക്കറ്റ് നഷ്ടമായത്. 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സിൽ 5 ബൗണ്ടറികളും 12 സിക്സറുകളും ഉൾപ്പെടുന്നുണ്ട്. ഈ പ്രകടനത്തോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് സാക്ഷാൽ ക്രിസ് ഗെയ്‌ലിനെ മറികടന്നുകൊണ്ട് വൈഭവ് സ്വന്തമാക്കി.
Content highlight: Former Indian Cricketer praises wonder kid Vaibhav Sooryavanshi