

ഇന്ത്യൻ ക്രിക്കറ്റ് രംഗത്തെ നിർണായക നിയമവിധിയുമായി സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ (സിഐസി). ഇന്ത്യൻ ക്രിക്കറ്റ് കൺട്രോള്‍ ബോർഡ്(ബിസിസിഐ) വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്ന 'പബ്ലിക് അതോറിറ്റി' (പൊതുസ്ഥാപനം) അല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഇൻഫർമേഷൻ കമ്മീഷണർ പി.ആർ. രമേശ് പുറപ്പെടുവിച്ച ഉത്തരവോടെ, ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡിന് തങ്ങളുടെ ആഭ്യന്തര വിവരങ്ങൾ ആർ.ടി.ഐ പ്രകാരം പൊതുജനങ്ങൾക്ക് കൈമാറേണ്ട നിയമപരമായ ബാധ്യത ഇല്ലാതായി.
2018 മുതൽ നിലനിന്നിരുന്ന ദീർഘകാലത്തെ നിയമയുദ്ധത്തിനാണ് ഇതോടെ അറുതിയായിരിക്കുന്നത്. അന്ന് ബി സി സി. ഐ വിവരാവകാശ പരിധിയിൽ വരുമെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമിക്കണമെന്നും അന്നത്തെ കമ്മീഷണർ എം ശ്രീധർ ആചാര്യുലു ഉത്തരവിട്ടിരുന്നു.
എന്നാൽ ബി സി സി ഐ ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും, സുപ്രീം കോടതിയുടെ മുൻകാല വിധികൾ മുൻനിർത്തി വിഷയം പുതുതായി പരിശോധിക്കാൻ കോടതി കമ്മീഷനോട് ആവശ്യപ്പെടുകയുമായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം, തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റി മാത്രമാണ് ബി സി സി ഐ ഇത് ഭരണഘടന പ്രകാരമോ പാർലമെന്‍റ് പാസാക്കിയ പ്രത്യേക നിയമം വഴിയോ രൂപീകരിക്കപ്പെട്ടതല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ ബി.സി.സി.ഐ-യെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരണമെങ്കിൽ പാർലമെന്‍റിന്‍റെ പ്രത്യേക നിയമഭേദഗതിയോ സർക്കാർ ഉത്തരവോ ആവശ്യമാണ്. വൻകിട സാമ്പത്തിക വ്യവസ്ഥിതികളിൽ കാര്യക്ഷമത ഉറപ്പാക്കേണ്ടത് സർക്കാർ നിയന്ത്രണത്തിലൂടെയല്ല, മറിച്ച് കൃത്യമായ സ്വയംനിയന്ത്രണ സംവിധാനങ്ങളിലൂടെയും ഉത്തരവാദിത്തത്തിലൂടെയുമാണെന്ന് കമ്മീഷൻ വിധിയിൽ വ്യക്തമാക്കുന്നു.
content highlights: bcci-outside-rti-purview-central-information-commission-ruling