സ്വർണവില ഇപ്പോള്‍ കുറയാന്‍ കൃത്യമായ കാരണങ്ങളുണ്ട്: പക്ഷെ അധികം ആശ്വസിക്കേണ്ടെന്ന് വിദഗ്ധർ

സാധാരണയായി ആഗോള പ്രതിസന്ധികളുടെയും പണപ്പെരുപ്പത്തിന്റെയും കാലത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്

സ്വർണവില ഇപ്പോള്‍ കുറയാന്‍ കൃത്യമായ കാരണങ്ങളുണ്ട്: പക്ഷെ അധികം ആശ്വസിക്കേണ്ടെന്ന് വിദഗ്ധർ
അജ്മല്‍ എം കെ
3 min read|18 May 2026, 04:14 pm
dot image

മുംബൈ: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ തോതിലുള്ള ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നിക്ഷേപകരിൽ വലിയ ആവേശമുണർത്തിയ മുന്നേറ്റത്തിന് ശേഷം തിങ്കളാഴ്ച വിപണിയിൽ സ്വർണവില 'കൺസോളിഡേഷൻ' (സ്ഥിരതയാർജ്ജിക്കൽ) ഘട്ടത്തിലേക്ക് കടക്കുന്നതായാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ആഭ്യന്തര കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ വിലയിൽ നേരിയ വർദ്ധനവ് മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയത് ഇത് വിപണിയിലെ നിക്ഷേപകരുടെ ജാഗ്രതയോടെയുള്ള സമീപനത്തെയാണ് കാണിക്കുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ന് രാവിലെ 11.30 ഓടെ എം.സി.എക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില വെറും 139 രൂപ മാത്രം ഉയർന്ന് 1,58,686 രൂപയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലെ വൻ മുന്നേറ്റവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർദ്ധനവ് വളരെ കുറവാണ്.

സ്വർണവിലയിലെ ഈ മന്ദഗതി എന്തുകൊണ്ട്?

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവാണ് സ്വർണവിലയുടെ കുതിപ്പിന് തടയിട്ടത്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ആഗോളതലത്തിൽ പണപ്പെരുപ്പം വീണ്ടും വർദ്ധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനായി അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തന്നെ തുടരാൻ നിർബന്ധിതരായേക്കുമെന്നാണ് നിക്ഷേപകർ ഇപ്പോൾ കരുതുന്നത്. ചിലപ്പോൾ വീണ്ടുമൊരു പലിശവർദ്ധനവ് ഉണ്ടായേക്കുമെന്ന ഭയവും വിപണിയിലുണ്ട്.

ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളാണ് ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമായ പുതിയ ഘടകം. യുഎഇയിലെ ആണവോർജ്ജ നിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം അവിടെ വലിയ തീപിടുത്തത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ട്. ഇത് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിക്കുകയും ക്രൂഡ് ഓയിൽ വില കഴിഞ്ഞ രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിക്കുകയും ചെയ്തു.

ഇതിനുപുറമെ, ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും വിപണിയെ ആശങ്കപ്പെടുത്തുന്നു. ഈ വിഷയത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തർക്കങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നതിനാൽ നിലവിൽ ഈ പ്രധാന വ്യാപാര പാത തടസ്സപ്പെട്ട നിലയിലാണ്.

ഉയർന്ന പലിശനിരക്ക് സ്വർണത്തെ ബാധിക്കുന്നത് എങ്ങനെ?

സാധാരണയായി ആഗോള പ്രതിസന്ധികളുടെയും പണപ്പെരുപ്പത്തിന്റെയും കാലത്ത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്. എന്നാൽ പലിശനിരക്ക് ഉയരുമ്പോൾ സ്വർണത്തിന്റെ സ്വഭാവം മാറും. ഫിക്സഡ് ഡിപ്പോസിറ്റുകളോ ബോണ്ടുകളോ പോലെ സ്വർണത്തിൽ നിന്ന് നിക്ഷേപകർക്ക് കൃത്യമായ പലിശയോ വരുമാനമോ ലഭിക്കുന്നില്ല. അതിനാൽ പലിശനിരക്ക് ഉയർന്നു നിൽക്കുമ്പോൾ, നിക്ഷേപകർ സ്വർണം വിറ്റ് കൂടുതൽ ലാഭം തരുന്ന മറ്റ് പലിശധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് പണം മാറ്റാൻ താല്പര്യപ്പെടുന്നു. ഇത് പണപ്പെരുപ്പ ഭീതിയുള്ളപ്പോൾ പോലും സ്വർണത്തിന്റെ ആകർഷണീയത കുറയ്ക്കുന്നു.

വിപണി വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സ്വർണവിലയിലുണ്ടായ ഈ കുറവ് സ്വാഭാവികമായ ഒരു സാങ്കേതിക തിരുത്തൽ മാത്രമാണ്. അടുത്തിടെയുണ്ടായ നികുതി അധിഷ്ഠിത കുതിച്ചുചാട്ടത്തിന് ശേഷം വിപണി സ്വാഭാവികമായി സ്ഥിരത കൈവരിക്കാൻ ശ്രമിക്കുകയാണെന്ന് മാസ്റ്റർ കാപ്പിറ്റൽ സർവീസസ് ലിമിറ്റഡിന്റെ ചീഫ് റിസർച്ച് ഓഫീസർ ഡോ. രവി സിംഗ് വ്യക്തമാക്കുന്നു. ആഭ്യന്തര വിപണിയിൽ എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് 2.12 ശതമാനം ഇടിഞ്ഞ് 1,58,547 രൂപയിലാണ് സ്ഥിരത കൈവരിച്ചത്.എങ്കിലും സ്വർണത്തിന്റെ ദീർഘകാല ട്രെൻഡ് ഇപ്പോഴും പോസിറ്റീവ് തന്നെയാണ്. അതായത് ഭാവിയില്‍ വില ഇനിയും കൂടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Gold prices are falling due to factors such as easing geopolitical tensions, profit booking, and shifts in investor sentiment. However, market experts caution that the decline may be temporary, and prices could rise again if global uncertainties or economic risks intensify.

dot image
To advertise here,contact us
dot image