

ഐ പി എൽ 2026 സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ സംഘമായി നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇനി മൂന്ന് സ്ഥാനങ്ങള്‍ അവശേഷിക്കുന്നു, അവസാന നാലില്‍ എത്തിപ്പെടാൻ ഏഴ് ടീമുകളും. പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെ?
ഒരു മത്സരം അവശേഷിക്കെ 16 പോയിന്റുമായി പട്ടികയില്‍ ബെംഗളൂരുവിന് പിന്നിലാണ് ഗുജറാത്ത് ടൈറ്റൻസ്. സുരക്ഷിതമായ സ്ഥാനത്താണ് ഗുജറാത്തെങ്കിലും ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല
ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ഹൈദരാബാദ് ജയിക്കുകയാണെങ്കില്‍ ഗുജറാത്തിന് അവസാന നാലിലേക്ക് കടക്കാനാകും, അല്ലെങ്കില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് രാജസ്ഥാൻ റോയല്‍സിനെ കീഴടക്കണം. ലീഗ് ഘട്ടത്തിലെ ഗുജറാത്തിന്റെ അവസാന പോരാട്ടം ചെന്നൈക്കെതിരെയാണ്, വിജയിക്കാനായാല്‍ ടോപ് ടൂ സാധ്യതകളും സജീവമാക്കാം.
14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. ചെന്നൈയും ബെംഗളൂരുവുമാണ് ഇനിയുള്ള എതിരാളികള്‍. ഒരു ജയം ഹൈദരാബാദിനെ പ്ലേ ഓഫിലേക്ക് നയിക്കും. രണ്ടും പരാജയപ്പെടുകയാണെങ്കില്‍ മറ്റ് ടീമുകളുടെ ഫലമായിരിക്കും കമ്മൻസിനും കൂട്ടര്‍ക്കും നിര്‍ണായകമാകുക.
ആറ് തുടര്‍ പരാജയങ്ങള്‍ പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് സ്വപ്നം തുലാസിലാക്കിയിരിക്കുകയാണ്. 13 പോയിന്റുള്ള പഞ്ചാബിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ലഖ്നൗവാണ് എതിരാളികള്‍. വിജയിക്കുകയാണെങ്കില്‍ 15ലേക്ക് എത്താം. ഇവിടെ പഞ്ചാബിന് മറ്റ് ടീമുകളുടെ സഹായം ആവശ്യമാണ്.
അഞ്ചാമതാണ് ചെന്നൈ. രണ്ട് മത്സരങ്ങള്‍ റുതുരാജ് ഗെയ്ക്വാദിന് മുന്നിലുണ്ട്. ഹൈദരാബാദും ഗുജറാത്തുമാണ് എതിരാളികള്‍. രണ്ടും വിജയിക്കുകയാണെങ്കില്‍ 16 എന്ന സുരക്ഷിതസംഖ്യയിലേക്ക് എത്താനാകും. ബെംഗളൂരു ഹൈദരാബാദിനേയും രാജസ്ഥാൻ ഒരു മത്സരം പരാജയപ്പെടുകയും ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും ചെന്നൈക്ക്, നെറ്റ് റണ്‍ റേറ്റിനെ ആശ്രയിക്കേണ്ടി വരില്ല.
ചെന്നൈക്ക് സമാനമായി 12 പോയിന്റാണ് രാജസ്ഥാനുമുള്ളത്. ഇനിയുള്ള മത്സരങ്ങള്‍ ലഖ്നൗവും മുംബൈയുമായാണ്. രണ്ടും വിജയിക്കുകയാണെങ്കില്‍ പ്ലേ ഓഫിലേക്ക് ഡയറക്റ്റ് എൻട്രി. നെറ്റ് റണ്‍റേറ്റിന്റെ സഹായമില്ലാതെ പ്ലേ ഓഫിലേക്ക് എത്തണമെങ്കില്‍ ഹൈദരാബാദ് അല്ലെങ്കില്‍ ചെന്നൈ 16 പോയിന്റില്‍ സീസണ്‍ അവസാനിപ്പിക്കണം. 14 പോയിന്റിലും രാജസ്ഥാന് പ്ലേ ഓഫ് കടക്കാം, പക്ഷേ മറ്റ് ടീമുകള്‍ കനിയണമെന്ന് മാത്രം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 11 പോയിന്റാണുള്ളത്. മുംബൈയേയും ഡല്‍ഹിയേയും പരാജയപ്പെടുത്തിയാലും 15 പോയിന്റിലേക്കെ എത്താൻ സാധിക്കുകയുള്ളു. പഞ്ചാബ് അവസാന മത്സരം പരാജയപ്പെടണം, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ എന്നീ ടീമുകളില്‍ ഒരു സംഘമെ 16 പോയിന്റിലേക്കും എത്താവു. ഈ സിനാറിയോയില്‍ കൊല്‍ക്കത്തയ്ക്ക് അസാധാരണമായൊരു തിരിച്ചുവരവ് നടത്താൻ കഴിയും.
content highlights: ipl 2026 playoffs qualification scenarios