ആദ്യാവസാനം ആവേശം; ഒടുവില്‍ ബെംഗളൂരു ഒന്നാമത്, മുംബൈ പുറത്തേക്ക്

ഐപിഎലില്‍ ആവേശ മത്സരത്തില്‍ മുംബൈയെ ബെംഗളൂരു തോല്‍പ്പിച്ചത് രണ്ടുവിക്കറ്റിന്

ആദ്യാവസാനം ആവേശം; ഒടുവില്‍ ബെംഗളൂരു ഒന്നാമത്, മുംബൈ പുറത്തേക്ക്
dot image

അവസാനംവരെ ആവേശം പാരമ്യത്തിലായിരുന്നു. മത്സരം അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തി. മുംബൈ ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ബെംഗളൂരു മറികടന്നത്. ക്രുണാല്‍ പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ബെംഗളൂരുവിന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. 46 പന്തില്‍ അഞ്ചുസിക്‌സറുകളും നാല് ഫോറുകളുമായി 73 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ എടുത്തത്. ക്രുണാല്‍ പാണ്ഡ്യയുടെ ഒറ്റയാള്‍പ്പോരാട്ടത്തിനൊപ്പം മികച്ച പിന്തുണയേകാന്‍ ടീമിലെ മറ്റംഗങ്ങള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ തോല്‍വിയുടെ വക്കോളമെത്തിയ ടീമിനെ രക്ഷപ്പെടുത്തിയത് വാലറ്റക്കാരനായ ഭുവനേശ്വര്‍ കുമാറിന്റെ സിക്‌സറാണ്. രാജ് ബവ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിലെ സിക്‌സറാണ് കളിയെ ബെംഗളൂരുവിന്റെ വരുതിയിലാക്കിയത്. അടുത്ത പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് റാസിഖ് സലാമിന്. രണ്ടുറണ്‍സ് നേടി മത്സരത്തില്‍ ബെംഗളൂരുവിന് നേടിക്കൊടുത്തത് ത്രില്ലര്‍ ജയം. വിരാട് കോഹ്ലി ഡക്കായി മടങ്ങി നിരാശപ്പെടുത്തിയ മത്സരത്തില്‍ ജേക്കബ് ബെതല്‍ (27) അല്‍പനേരം പിടിച്ചുനിന്നു. ദേവ്ദത്ത് പടിക്കല്‍ (12), രജത് പാട്ടിദര്‍ (എട്ട്), ജിതേശ് ശര്‍മ (18), റൊമാരിയോ ഷെഫേഡ് (നാല്), ടിം ഡേവിഡ് (പൂജ്യം) എന്നിവര്‍ വേഗത്തില്‍ മടങ്ങി. മുംബൈക്കുവേണ്ടി കോര്‍ബിന്‍ ബോഷ് നാലുവിക്കറ്റ് വീഴ്ത്തി. ദീപക് ചഹര്‍ രണ്ടും ഗസാനിഫര്‍, രാജ് ബവ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സിനെ ഭുവനേശ്വര്‍ കുമാറും സംഘവും ബൗളിങ്ങില്‍ പരീക്ഷിച്ചു. മുന്‍നിര ബാറ്റര്‍മാരെല്ലാം ഭുവിക്ക് മുന്നിലാണ് അടിയറവ് പറഞ്ഞത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയതാകട്ടെ ചില്ലറക്കാരെയല്ല. റയാന്‍ റിക്കള്‍ട്ടണ്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരാണ് ഭുവിക്ക് മുന്നില്‍ തകര്‍ന്നത്. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടെത്തിയ മുംബൈയെ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സിന് ഒതുക്കാനുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാതെയാണ് മുംബൈ ഇന്ത്യന്‍സ് കളിക്കാനിറങ്ങിയത്. പകരം സൂര്യകുമാര്‍ യാദവ് വീണ്ടും ക്യാപ്റ്റനായി. പക്ഷെ, കളത്തിലിറങ്ങിയ മുംബൈയെ പരീക്ഷിച്ച് ഭുവനേശ്വര്‍ കുമാര്‍ അവതരിച്ചു. സ്‌കോര്‍ ബോര്‍ഡ് നാലിലെത്തി നില്‍ക്കെ റിക്കള്‍ട്ടണ്‍ (രണ്ട്) പുറത്തായി. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് ആയപ്പോള്‍ രോഹിത് ശര്‍മയും (22) മടങ്ങി. തൊട്ടടുത്ത പന്തില്‍ സൂര്യകുമാറിനെയും ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. റണ്ണെടുക്കാതെയാണ് മുംബൈ ക്യാപ്റ്റന്‍ മടങ്ങിയത്.

മുംബൈക്കുവേണ്ടി പോരാടിയത് തിലക് വര്‍മയും (57), നമന്‍ ധിറുമാണ് (47). ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 57 പന്തില്‍ 82 റണ്‍സെടുത്തു. മികച്ച പ്രകടനം നടത്തിയ തിലക് വര്‍മയെയും പുറത്താക്കിയത് ഭുവനേശ്വര്‍ കുമാര്‍ തന്നെ. വില്‍ ജാക്‌സ് (10), രാജ് ബവ (16) എന്നിവരും വേഗം മടങ്ങി. കോര്‍ബിന്‍ ബോഷ് (അഞ്ച്), ദീപക് ചഹര്‍ (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. ആര്‍സിബിക്കുവേണ്ടി ജോഷ് ഹെയ്‌സല്‍വുഡ്, റാസിക് സലാം, റൊമാരിയോ ഷെഫേഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

content highlights: Thrills from start to finish; Bengaluru moves to the top, Mumbai knocked out

dot image
To advertise here,contact us
dot image