'ഇത് ഭാവിയിലേക്കുള്ള കളിക്കാരന്‍'; ഉര്‍വില്‍ പട്ടേലിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം

ഐപിഎലിലെ അതിവേഗ അര്‍ധ സെഞ്ചുറി പങ്കിട്ട താരത്തിന് അഭിനന്ദനപ്രവാഹം

'ഇത് ഭാവിയിലേക്കുള്ള കളിക്കാരന്‍'; ഉര്‍വില്‍ പട്ടേലിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം
dot image

കഴിഞ്ഞദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ഉര്‍വില്‍ പട്ടേലിന്റേത്. ലഖ്‌നൗവിനെതിരെ അതിവേഗ അര്‍ധ സെഞ്ചുറി നേടിയ താരത്തിന്റെ മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗവിനെ കീഴടക്കി പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചിരുന്നു. 13 പന്തിലാണ് ഉര്‍വില്‍ പട്ടേല്‍ ഐപിഎലിലെ വേഗതയേറിയ അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. യശസ്വി ജയ്‌സ്വാളിനൊപ്പം അദ്ദേഹം റെക്കോഡ് പങ്കിട്ടു. ഉര്‍വില്‍ പട്ടേലിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍. ചെന്നൈയ്ക്കുവേണ്ടി ഈ സീസണിലെ നാലാമത്തെ മത്സരത്തിലാണ് ഉര്‍വില്‍ പട്ടേല്‍ അര്‍ധ സെഞ്ചുറി നേടിയത്. ഗുജറാത്തിനെതിരായ ആദ്യമത്സരത്തില്‍ നാല് റണ്‍സ് നേടിയ താരം, മുംബൈക്കെതിരെ 24 റണ്‍സെടുത്തു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 17 റണ്‍സെടുത്ത താരം ലഖ്‌നൗവിനെതിരെ മികച്ച പ്രകടനം നടത്തുകയായിരുന്നു. ഇതോടെ മുന്‍താരങ്ങളുള്‍പ്പടെ അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

ഉര്‍വില്‍ പട്ടേല്‍ ഭാവിയിലേക്കുള്ള കളിക്കാരനാണെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പ്രതികരണം. 'ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ഉര്‍വിലിന്റെ പ്രകടനം മികച്ചതായിരുന്നു. ബാറ്റിങ് എളുപ്പമല്ലാത്ത പിച്ചില്‍ അദ്ദേഹം പന്തുകളെ നേരിട്ട രീതി പ്രശംസനീയമാണ്' -ഹര്‍ഭജന്‍ സിങ് പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നലെ മികച്ച മത്സരമാണ് പുറത്തെടുത്തതെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.
ലഖ്നൗവിനെതിരായ മത്സരത്തില്‍ മികച്ച തുടക്കം നല്‍കിയ ശേഷം സഞ്ജു സാംസണ്‍ പുറത്തായെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിച്ചത് ഉര്‍വില്‍ പട്ടേലിന്റെ ഇന്നിങ്സായിരുന്നു. സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഉര്‍വില്‍, നേരിട്ട ആദ്യ എട്ട് പന്തുകളില്‍നിന്നുതന്നെ ആറ് സിക്‌സറുകള്‍ പറത്തി 41 റണ്‍സ് അടിച്ചു. ആദ്യ പത്തു പന്തുകളില്‍ 42 റണ്‍സ് നേടിയ ആദ്യതാരമെന്ന നേട്ടം ഉര്‍വില്‍ സ്വന്തമാക്കി. 2015-ല്‍ എബി ഡിവില്ലിയേഴ്‌സ് നേടിയ 10 പന്തില്‍ 41 റണ്‍സും 2023ല്‍ യശസ്വി ജയ്‌സ്വാള്‍ നേടിയ 10 പന്തില്‍ 41 റണ്‍സുമാണ് ഇതിന് മുന്‍പത്തെ റെക്കോഡ്. ഇതാണ് ഉര്‍വില്‍ തിരുത്തിയത്.

നേരിട്ട ആദ്യ 11 പന്തില്‍ ഏഴ് സിക്‌സറുകള്‍ എന്ന അപൂര്‍വ നേട്ടവും ഈ ഇന്നിങ്‌സിലൂടെ താരം സ്വന്തമാക്കി. മത്സരത്തിലുടനീളം ബൗളര്‍മാരെ കടന്നാക്രമിച്ച ഉര്‍വില്‍ പട്ടേല്‍ മത്സരത്തില്‍ എട്ടുസിക്സറുകള്‍ നേടി. ലഖ്നൗ ബൗളര്‍മാരായ ആവേശ് ഖാന്‍, ദിഗ്വേഷ് സിങ് റാഠി എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ സിക്‌സറുകള്‍ പായിച്ച താരം ലഖ്നൗ നിരയെ സമ്മര്‍ദത്തിലാക്കി. അഞ്ച്, ആറ് ഓവറുകളില്‍ 25 റണ്‍സ് വീതമാണ് ഉര്‍വിലും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് അടിച്ചെടുത്തത്. ഷഹബാസ് അഹമ്മദും മുഹമ്മദ് ഷമിയുമെല്ലാം ഉര്‍വിന്റെ ബാറ്റിങ് ചൂടറിഞ്ഞു. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താന്‍ കൈവശം കരുതിയ കടലാസെടുത്ത് ഉര്‍വില്‍ ഉയര്‍ത്തിക്കാണിച്ചതും ശ്രദ്ധനേടി. തന്റെ റെക്കോഡ് നേട്ടവും മികച്ച പ്രകടനവും ഉര്‍വില്‍ പിതാവിനാണ് സമര്‍പ്പിച്ചത്. കൈകള്‍ കൂപ്പി പ്രാര്‍ഥിച്ച താരം, പോക്കറ്റില്‍നിന്ന് ഒരു കടലാസ് കഷണം പുറത്തെടുത്തു. 'ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ് പപ്പാ' എന്ന് കടലാസില്‍ എഴുതിയിരുന്നു. തന്റെ മാതൃഭാഷയായ ഗുജറാത്തിയിലും ഏതാനും വരികള്‍ അദ്ദേഹം അതില്‍ കുറിച്ചിട്ടുണ്ടായിരുന്നു.

content highlights: 'This is a player for the future'; Former Indian star praises Urvil Patel

dot image
To advertise here,contact us
dot image