

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന ഉണ്ടാകില്ലെന്ന സൂചന നല്കി അന്തര്‍ മന്ത്രാലയ സമിതി. ഉത്കണ്ഠയ്ക്ക് അടിസ്ഥാനമില്ലെന്ന് അന്തര്‍ മന്ത്രാലയ സമിതി വ്യക്തമാക്കി. ഒരു പൗരനും ചില്ലറ വില്‍പ്പന ശാലകളിലേക്ക് തിരക്കുകൂട്ടേണ്ട കാര്യമില്ലെന്ന് സമിതി പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങള്ക്ക് ഒരു കുറവുമില്ലെന്നും 60 ദിവസത്തെ അസംസ്കൃത എണ്ണയും 60 ദിവസത്തെ പ്രകൃതിവാതകവും 45 ദിവസത്തെ എല്‍പിജി റോളിംഗ് സ്റ്റോക്കും ഉണ്ടെന്ന് അന്തര്‍ മന്ത്രാലയ സമിതി വ്യക്തമാക്കി.
'വിദേശനാണ്യ കരുതല്‍ ശേഖരം 703 ബില്യണ്‍ ഡോളറാണ്. ക്രൂഡ് ഓയില്‍ വില വര്‍ധന സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഇന്ധന ഉപഭോഗം കുറക്കുന്നത് വഴി നഷ്ടം ലഘൂകരിക്കാന്‍ കഴിയും. ഇന്ത്യയിലെ എണ്ണ വിപണന കമ്പനികള്‍ പ്രതിദിനം 1,000 കോടി രൂപ നഷ്ടം നേരിടുന്നു. 2026ലെ ഒന്നാം പാദത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. നഷ്ടം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ല', അന്തര്‍ മന്ത്രാലയ സമിതി പറഞ്ഞു.
പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്‍ഷങ്ങള്‍ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് പുതിയ സാമ്പത്തിക നയങ്ങള്‍ നിര്‍ദേശിച്ചിരുന്നു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കാര്‍ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയില്‍വേയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും 'വര്‍ക്ക് ഫ്രം ഹോം' സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ, അടുത്ത ഒരു വര്‍ഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ദൈനംദിന ആവശ്യങ്ങള്‍ക്കായി തദ്ദേശീയമായി നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Inter-ministerial committee hints at no fuel price hike