സ്ലോട്ടുള്ളത് നാല് ടീമിന്; പോരിനായി ആറ് ടീമുകൾ; പ്ലേ ഓഫ് സാധ്യതയിങ്ങനെ!

ഐപിഎല്ലില്‍ പ്ലേ ഓഫിന് വേണ്ടിയുള്ള പോരാട്ടങ്ങൾ ഫോട്ടോ ഫിനിഷിലേക്ക് കടക്കുകയാണ്

സ്ലോട്ടുള്ളത് നാല് ടീമിന്; പോരിനായി ആറ് ടീമുകൾ; പ്ലേ ഓഫ് സാധ്യതയിങ്ങനെ!
dot image

ഐപിഎല്ലില്‍ പ്ലേ ഓഫിന് വേണ്ടിയുള്ള പോരാട്ടങ്ങൾ ഫോട്ടോ ഫിനിഷിലേക്ക് കടക്കുകയാണ്. നിലവിൽ രണ്ട് ടീമുകൾ മാത്രമാണ് ഔദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുള്ളത്.

ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോൽവിയോടെ ലക്നൗ സൂപ്പര്‍ ജയന്‍റ്സും ആര്‍സിബിക്കെതിരായ തോല്‍വിയോടെ മുംബൈ ഇന്ത്യൻസും ഔദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്തായി.

11 മത്സരങ്ങളില്‍ 14 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാൻ ഒരു ജയം കൂടി മതി. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തി ക്വാളിഫയർ ഉറപ്പിക്കാനാണ് രജത് പാട്ടിദാറും സംഘവും ഇനി ശ്രമിക്കുക. മികച്ച നെറ്റ് റൺ റേറ്റും(+1.103) ആര്‍സിബിക്ക് മറ്റു ടീമുകളെക്കാള്‍ മുൻതൂക്കം നൽകുന്നു.

11 മത്സരങ്ങളില്‍ 14 പോയിന്‍റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. മെയ് 22-ന് ആർസിബിക്കെതിരായ അവസാന ലീഗ് മത്സരം പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.

10 മത്സരങ്ങളില്‍ 13 പോയിന്‍റുള്ള പഞ്ചാബ് കിംഗിസ് പോയിന്‍റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണെങ്കിലും സാങ്കേതികമായി ഏറ്റവും മികച്ച നിലയിലുള്ളത് പഞ്ചാബാണ്. അവസാന മൂന്ന് കളികളില്‍ തോറ്റെങ്കിലും മറ്റു ടീമുകളെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്‍റെ ആനുകൂല്യം പഞ്ചാബിനുണ്ട്. ബാക്കിയുള്ള 4 കളികളിൽ രണ്ടെണ്ണം ജയിച്ചാൽ 17 പോയിന്‍റോടെ പഞ്ചാബിന് അനായാസം പ്ലേ ഓഫിൽ കടക്കാം.

11 മത്സരങ്ങളില്‍ 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് ഉണ്ടെങ്കിലും മറ്റ് ടീമുകളെ അപേക്ഷിച്ച് കുറഞ്ഞ നെറ്റ് റൺ റേറ്റ്(0.228) ഗുജറാത്തിന് ഭീഷണിയാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്തിന് രണ്ട് ജയങ്ങൾ അനിവാര്യമാണ്.

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ബാക്കിയുള്ള 3 മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാലും റൺ റേറ്റ് (+0.185) കുറവായതിനാൽ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മൂന്ന് മത്സരങ്ങളും ജയിക്കുക എന്നതാണ് ചെന്നൈക്ക് മുന്നിലുള്ള ഏക വഴി.

11 മത്സരങ്ങളില്‍ 12 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സും ചെന്നൈയുടെ അതേ അവസ്ഥയിലാണ്. അവസാന നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ടത് രാജസ്ഥാന് വലിയ തിരിച്ചടിയായി. നാലാം സ്ഥാനത്തെത്താനായി രാജസ്ഥാനും ചെന്നൈയും തമ്മിലായിരിക്കും പ്രധാന പോരാട്ടം.

10 മത്സരങ്ങളില്‍ 9 പോയിന്‍റുള്ള കൊല്‍ക്കത്ത അവസാന നാലു കളികളും ജയിച്ചെങ്കിലും പ്ലേ ഓഫ് സാധ്യതകൾ താരതമ്യേന കുറവാണ്. കൊല്‍ക്കത്ത പ്ലേ ഓഫിൽ എത്തണമെങ്കിൽ ബാക്കിയുള്ള 4 മത്സരങ്ങളും ജയിച്ച് 17 പോയിന്‍റിൽ എത്തണം. ഒരൊറ്റ തോൽവി പോലും കൊല്‍ക്കത്തക്ക് പുറത്തേക്കുള്ള വഴിയൊരുക്കും.

11 കളികളില്‍ 8 പോയിന്‍റ് മാത്രമുള്ള ഡല്‍ഹിയും പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ്. കണക്കുകളിൽ മാത്രം സാധ്യത ബാക്കിയുള്ള ഡൽഹിക്ക് അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പ്ലേ ഓഫിലെത്താൻ സാധിക്കൂ. അവശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാലും ഡല്‍ഹിക്ക് പരമാവധി 14 പോയിന്‍റ് മാത്രമെ നേടാനാകു . മോശം റൺ റേറ്റും -1.154 ഡല്‍ഹിക്ക് തിരിച്ചടിയാണ്.

Content highlights: ipl 2026 playoff scenarios six teams battle for four slots

dot image
To advertise here,contact us
dot image