

ഇന്ത്യന്‍ ക്രിക്കറ്റിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം കഴിച്ചവയ്ക്കുന്ന താരമാണ് ബീഹാർ സ്വദേശിയായ വൈഭവ് സൂര്യവംശി. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ബാറ്റ് വീശുന്ന താരത്തെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിക്കുകയാണ് അദ്ദേഹത്തിന്റെ മെന്ററും രാജസ്ഥാന്‍ റോയല്‍സ് ഹൈ-പെര്‍ഫോമന്‍സ് ഡയറക്ടറുമായ സുബിന്‍ ബറൂച്ച. 15 വയസ്സ് മാത്രം പ്രായമുള്ള വെടിക്കെട്ട് ബാറ്ററെ, മുൻപ് പാകിസ്ഥാനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറെ കളത്തിലിറക്കിയതുപോലെ ധീരമായ തീരുമാനം എടുക്കണമെന്നാണ് ബറൂച്ചയുടെ പക്ഷം.
'ടി20 ഫോര്‍മാറ്റില്‍ മികവ് തെളിയിച്ചിട്ടുള്ള വൈഭവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വലിയ പരിചയസമ്പത്തില്ലെങ്കിലും, അവന്റെ പ്രതിഭ മറ്റു താരങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. സ്‌കോര്‍, സ്‌ട്രൈക്ക് റേറ്റ് തുടങ്ങി ഏത് അളവുകോല്‍ വെച്ച് നോക്കിയാലും വൈഭവ് മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിൽ തന്നെ. ബിസിസിഐ അവന്റെ മേൽ ഒരു വിശ്വാസത്തോടെയുള്ള ചുവടുവെപ്പ് നടത്തേണ്ടതുണ്ട്', അദ്ദേഹം പറഞ്ഞു.
നിലവില്‍ ഓപ്പണിങ് പൊസിഷനിൽ കളിക്കുന്ന താരം, യഥാര്‍ത്ഥത്തില്‍ ടെസ്റ്റ് ടീമിന്റെ ലോവര്‍ മിഡില്‍ ഓര്‍ഡറിൽ തിളങ്ങാനാണ് സാധ്യതയെന്ന് ബറൂച്ച നിരീക്ഷിച്ചു. റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കുന്ന ഈ സ്ഥാനങ്ങളില്‍ വന്ന് അതിവേഗം റണ്‍സ് കണ്ടെത്താനും വൈഭവിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content highlight: Zubin Bharucha compares Vaibhav Sooryavanshi to Sachin Tendulkar