

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനം ഭരിക്കുന്നത് സൺറൈസേഴ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ഒപ്പം നിലവിലെ ചാംപ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നി ടീമുകളാണ്. പഞ്ചാബിനെ കഴിഞ്ഞ മത്സരത്തിൽ മുട്ടുകുത്തിച്ചതോടെ ഒന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദ്. അതോടെ പഞ്ചാബിന് ഒന്നാം സ്ഥാനം നഷ്ടപ്പെടുകയും രണ്ടാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. അവസാന രണ്ട് മത്സരത്തിൽ തോൽവി നേരിട്ടതോടെ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. നാലാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിനും പത്ത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് തന്നെയാണ്.
പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള ഹൈദരാബാദിന് 11 മത്സരങ്ങളിൽ നിന്നായി 14 പോയിന്റാണ് ഉള്ളത്. ഏഴ് ജയവും നാല് തോൽവിയും സമ്പാദ്യമായുള്ള അവർ പ്ലേ ഓഫിന്‍റെ തൊട്ടരികിലാണ്. ഒരു ജയം കൂടി സ്വന്തമാക്കിയാൽ ഹൈദരാബാദിന് പ്ലേഓഫ് ഉറപ്പിക്കാം. ടീമിന്റെ റൺറേറ്ററും (+0.737) പാറ്റ് കമിന്‍സിനും സംഘത്തിനും അനുകൂല ഘടകം തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സിനാകട്ടെ ഇതുവരെ 13 പോയിന്‍റാണുള്ളത്. ഇനി നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. എന്നാൽ അവസാന മൂന്ന് മത്സരങ്ങൾ തോറ്റത് ആരാധകർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രണ്ട് ജയം കൂടി നേടി 17 പോയിന്‍റ് നേടി പ്ലേ ഓഫ് ഉറപ്പിക്കലാണ് ടീമിന്‍റെ മുൻപിൽ ഇനിയുള്ള ലക്ഷ്യം. പോസിറ്റീവ് റൺറേറ്റ് (+0.571) തന്നെയാണ് പഞ്ചാബിന്‍റെയും കരുത്ത്. അവസാന നാല് കളികളില്‍ ലഖ്‌നൗ, മുംബൈ, ഡല്‍ഹി, ബെംഗളൂരു ടീമുകളെയാണ് പഞ്ചാബിന് നേരിടേണ്ടത്.
മികച്ച റൺറേറ്റും 14 പോയിന്‍റും നിലവിലെ ചാംപ്യൻമാരായ ആര്‍സിബി ഇത്തവണയും പ്ലേ ഓഫിനെത്തുമെന്ന് ഏറെക്കുറെ ഉറപ്പ്. ഇനിയുള്ള നാലിൽ ഒരെണ്ണം കൂടി ജയിച്ചാലും ആര്‍സിബിക്ക് എളുപ്പത്തിൽ അവസാന നാലിലെത്താം. ടീമുകളിൽ ഏറ്റവും മികച്ച റൺറേറ്റെന്നതാണ് രജത് പാട്ടിദാറിനും സംഘത്തിനും പ്രതീക്ഷ നൽകുന്നത്. അവസാ മൂന്ന് കളികളില്‍ കൊല്‍ക്കത്തയും പഞ്ചാബും സണ്‍റൈസേഴ്സുമാണ് ആര്‍സിബിയുടെ എതിരാളികള്‍. തുടക്കം മുതലേ തകർത്താടി രാജസ്ഥാൻ റോയൽസ് പാതിവഴിയിൽ അടിപതറിയിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള രാജസ്ഥാന് പ്ലേഓഫിലെത്താൻ കുറഞ്ഞത് രണ്ട് വിജയങ്ങൾ അനിവാര്യമാണ്. അതേസമയം തുടർ വിജയങ്ങൾ നേടാനാകാത്തത് പരാഗിനെയും സംഘത്തെയും വല്ലാതെ ആശങ്കയിലാക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് രാജസ്ഥാന്‍റെ ഇനിയുള്ള എതിരാളികള്‍.
Content highlight: IPL 2026 playoff race point table top four team prediction