റഫീഞ്ഞ തിരിച്ചെത്തുന്നു; ആവേശത്തില്‍ ബാഴ്‌സ ക്യാമ്പ്, സന്തോഷം ബ്രസീലിനും

പരിക്കിനെത്തുടര്‍ന്ന് അഞ്ചാഴ്ചത്തെ വിശ്രമത്തിലായിരുന്നു റഫീഞ്ഞ

റഫീഞ്ഞ തിരിച്ചെത്തുന്നു; ആവേശത്തില്‍ ബാഴ്‌സ ക്യാമ്പ്, സന്തോഷം ബ്രസീലിനും
dot image

എട്ടുദിവസത്തിനപ്പുറം ലോക ഫുട്‌ബോള്‍ വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്‌ക്കൊരുങ്ങുകയാണ്. റയല്‍ മഡ്രിഡും ബാഴ്‌സലോണയും ഏറ്റമുട്ടുമ്പോള്‍ അത് സ്പാനിഷ് ഫുട്‌ബോളിനെ മാത്രമല്ല, ലോക ഫുട്‌ബോളിനെയൊന്നാകെ ത്രസിപ്പിക്കും. സ്പാനിഷ് ലാലിഗയില്‍ വിജയത്തുടര്‍ച്ചയോടെ മുന്നോട്ട് പോകുന്ന ബാഴ്‌സലോണയ്ക്ക് രണ്ടാം സ്ഥാനക്കാരായ റയല്‍ മഡ്രിഡ് കാര്യമായ വെല്ലുവിളിയല്ലെന്നാണ് ആരാധക പക്ഷം. പക്ഷെ, എല്‍ ക്ലാസിക്കോയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാണ്. പോരാട്ടം കനക്കുന്നയിടത്ത് എന്തും സംഭവിച്ചേക്കാം. നിലവില്‍ അവസാന അഞ്ച് സ്പാനിഷ് ലാലിഗ മത്സരങ്ങളിലും ജയിച്ചാണ് ബാഴ്‌സയുടെ മുന്നേറ്റം. റയല്‍ മഡ്രിഡ് അവസാന അഞ്ചുകളിയില്‍ രണ്ടെണ്ണം ജയിച്ചു. രണ്ടുസമനിലയും ഒരു തോല്‍വിയും. കിരീടത്തിലേക്കുള്ള ബാഴ്‌സയുടെ പോരാട്ടത്തിന് 11 പോയിന്റ് പിന്നിലാണ് റയലിന്റെ ഓട്ടം. ഇതിനിടെയാണ് എല്‍ ക്ലാസിക്കോ അരങ്ങേറുന്നത്.

എന്നാല്‍ കഴിഞ്ഞ ഒരുമാസത്തോളമായി ബാഴ്‌സലോണയുടെ മുന്നേറ്റത്തില്‍ കാര്യമായ വിടവുണ്ട്. ബ്രസീലിയന്‍ ഫോര്‍വേഡ് റഫീഞ്ഞ ഇല്ലാത്തതാണ് ടീമിന് തിരിച്ചടിയായിരുന്നത്. എല്‍ ക്ലാസിക്കോയിലേക്ക് അടുക്കവെ, ബാഴ്‌സലോണയ്ക്ക് ആശ്വാസമായി റഫീഞ്ഞ തിരിച്ചുവരികയാണെന്നാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ മാര്‍ച്ചിലാണ് ബ്രസീലിനുവേണ്ടി കളിക്കുന്നതിനിടെ റഫീഞ്ഞയ്ക്ക് പരിക്കേറ്റത്. ലാലിഗ കിരീടപ്പോരാട്ടത്തിലേക്കുള്ള യാത്രയ്ക്കിടെ റഫീഞ്ഞയുടെ പരിക്ക് ബാഴ്‌സ കോച്ച് ഹന്‍സി ഫ്‌ളിക്കിന് കനത്ത തിരിച്ചടിയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലും അത് നിഴലിച്ചു. റഫീഞ്ഞ തിരിച്ചെത്തുന്നത് ടീമിന് നേട്ടമാകുമെന്ന് പരിശീലകന്‍ പറഞ്ഞു. കളിക്കളത്തിലും പരിശീലനത്തിലുമെല്ലാം അദ്ദേഹം നൂറുശതമാനം സമര്‍പ്പണത്തോടെയാണ് കളിക്കുന്നത്. ആ സീസണില്‍ പരിക്ക് അദ്ദേഹത്തെ അലട്ടിയെന്നും എന്നാല്‍ അദ്ദേഹം വേഗത്തില്‍ തിരിച്ചുവരവ് നടത്തിയെന്നും ഹന്‍സി ഫ്‌ളിക്ക് പറഞ്ഞു.

എന്നാല്‍, റഫീഞ്ഞയുടെ തിരിച്ചുവരവ് ബാഴ്‌സ ക്യാമ്പിന് ആശ്വാസമാണെങ്കിലും ലമീന്‍ യമാല്‍ ഇല്ലാത്തത് തിരിച്ചടിയാണ്. പരിക്കേറ്റ കൗമാര താരം ലമീന്‍ യമാല്‍ ഇല്ലാതെയാണ് ബാഴ്‌സ അടുത്ത മത്സരങ്ങളില്‍ കളിക്കാനിറങ്ങുക. തുടയ്‌ക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. അതേസമയം, ലമീന്‍ യമാല്‍ പരിക്കില്‍നിന്ന് മോചിതനായി വരുന്നുണ്ടെന്നും ബാഴ്‌സയ്‌ക്കൊപ്പമുള്ള സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്നും ലോകകപ്പില്‍ അദ്ദേഹത്തെ കാണാനാകുമെന്നും ഹന്‍സി ഫ്‌ളിക്ക് പ്രതീക്ഷ പങ്കുവെച്ചു.

content highlights: Raphinha returns; Barca camp in high spirits, joy for Brazil as well

dot image
To advertise here,contact us
dot image