

ഇന്ത്യൻ പ്രീമിയർ ലീഗ് ടിക്കറ്റുകളെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പ്രത്യേകമായി അനുവദിച്ച സൗജന്യ ടിക്കറ്റുകൾ ഒരു യുവനടിയുടെ കയ്യിലെത്തിയതാണ് ഇത്തവണ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. നടിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ കുഷിത കല്ലാപുവാണ് മുഖ്യമന്ത്രിയുടെ രണ്ട് കോംപ്ലിമെന്‍ററി ടിക്കറ്റുകളുടെ ചിത്രം പോസ്റ്റ് ചെയ്തത്.
ശനിയാഴ്ച നടന്ന ഹൈദരാബാദിൽ നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്- ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്‍റെ ടിക്കറ്റുകളാണ് കുഷിതയുടെ കയ്യിലെത്തിയത്. ടിക്കറ്റിന്‍റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. 40,000 രൂപ വിലയുള്ള സൺറൈസേഴ്സ് എലൈറ്റ് ലോഞ്ചിലെ രണ്ട് ടിക്കറ്റുകളുടെ ചിത്രമാണ് കുഷിത ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്ക് നൽകാനിരുന്ന എസ്ആർഎച്ചിന്റെ സൗജന്യ വിഐപി പാസുകളിൽ പെട്ടതായിരുന്നു ഈ ടിക്കറ്റുകൾ.
ഇതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുകയും ചെയ്തു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഓഫീസില്‍ നിന്നും ആരാണ് ഇവര്‍ക്ക് ടിക്കറ്റ് നല്‍കിയതെന്നും എന്താണ് ഇതിന് പിന്നിലെ ഉദ്യേശമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകർ ചോദിക്കുന്നത്. ഈ ടിക്കറ്റ് ഉപയോഗിച്ച് കുഷിത മത്സരം കാണാന്‍ പോയോ എന്നതിലും വ്യക്തതയില്ല. ഈ സംഭവത്തിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനോ സർക്കാരോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
SRH vs CSK match tickets from CM Revanth Reddy’s office have come under spotlight.
— South Matters (@SouthMatters) April 19, 2026
The tickets reportedly reached Instagram influencer Kushitha Kallapu.
She shared them on social media, making the issue go viral.
The incident has sparked questions over ticket distribution and… pic.twitter.com/uXcFd1xWFz
നടിയും മോഡലുമായ കുഷിത ചംഗുരെ ബംഗാരു രാജ, നീതോനെ നേനു, ബാബു - നമ്പർ 1 ബുൾഷിറ്റ് ഗൈ, മനോഹരം എന്നീ തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ട കുഷിത കല്ലാപുവിന് ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്യണ്‍ ഫോളോവേഴ്സുണ്ട്.
അതേസമയം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 10 റണ്‍സിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 184 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച് ക്ലാസന്റെയും അര്‍ധസെഞ്ച്വറി പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ നല്‍കിയത്. ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു.
Content Highlights: IPL 2026: SRH vs CSK match tickets meant for Telangana CM end up in Young Actress Kushitha Kallapu hands, controversy