

റിലീസ് സമയത്ത് ഫ്ലോപ്പ് ആയ സിനിമയാണ് ജാനി ദുഷ്മൻ: ഏക് അനോഖി കഹാനി. അക്ഷയ് കുമാർ നായകനായി എത്തിയ സിനിമ ഒരുക്കിയത് രാജ്‌കുമാർ കോഹ്ലി ആയിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് അക്ഷയ് കുമാർ. ചിത്രത്തിൽ അഭിനയിക്കാൻ ഒരു ദിവസത്തേക്ക് 9 ലക്ഷം വരെ തനിക്ക് ലഭിച്ചെന്ന് പറയുകയാണ് നടൻ.
'അക്കാലത്ത് എനിക്ക് അത്യാവശ്യം നല്ല തുക ലഭിച്ചിരുന്നു; ഒരു ദിവസത്തേക്ക് ഏകദേശം 8 മുതൽ 9 ലക്ഷം രൂപ വരെയായിരുന്നു പ്രതിഫലം. സിനിമയിൽ അർമാൻ കോഹ്ലിയുടെ കഥാപാത്രം എന്നെ കൊല്ലുന്നുണ്ട്. എന്റെ ജോലി കഴിഞ്ഞു. പക്ഷേ എനിക്ക് പണത്തിന്റെ ആവശ്യമുണ്ടായിരുന്നു. ഞാൻ സംവിധായകൻ രാജ്കുമാർ കോഹ്ലിയുടെ അടുത്ത് പോയി, മറ്റൊരു നടന്റെ ഡേറ്റ് ലഭ്യമല്ലാത്തതിനാൽ ഞാൻ തന്നെ തിരിച്ചു വരട്ടെ എന്ന് ചോദിച്ചു. 'നീ മരിച്ചുപോയല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി', അക്ഷയ് കുമാറിന്റെ വാക്കുകൾ.

എന്നാൽ പിന്നീട് സംവിധായകൻ തന്നെ ഒരു പോംവഴി കണ്ടെത്തി. ‘അക്ഷയ്, ഞാൻ നിന്റെ കഥാപാത്രത്തെ കൊല്ലാതെ കോമയിലാക്കാം, അങ്ങനെ നിനക്ക് തിരിച്ചു വരാം’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അഞ്ച് ദിവസം കൂടി ഫൈറ്റ് സീക്വൻസുകളിൽ അഭിനയിക്കാനും അതിനുള്ള പ്രതിഫലം വാങ്ങാനും എനിക്ക് സാധിച്ചു', നടന്റെ വാക്കുകൾ. രാജ്കുമാർ കോഹ്ലി സംവിധാനം ചെയ്ത അവസാന ചിത്രമായിരുന്നു ജാനി ദുഷ്മൻ: ഏക് അനോഖി കഹാനി. അക്ഷയ് കുമാറിനെ കൂടാതെ സണ്ണി ഡിയോൾ, സുനിൽ ഷെട്ടി, സോനു നിഗം, അർഷാദ് വർസി, മനീഷ കൊയ്‌രാള തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
പ്രിയദർശൻ ചിത്രം ഭൂത് ബംഗ്ലാ ആണ് ഇപ്പോൾ തിയേറ്ററിലുള്ള അക്ഷയ് കുമാർ ചിത്രം. ഏഴാം തവണയാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിച്ചെത്തുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഖാട്ടാ മീട്ടയാണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. ആകാശ് എ കൗഷിക്കിന്‍റെ കഥയ്ക്ക് റോഹന്‍ ശങ്കര്‍, അഭിലാഷ് നായര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
Content Highlights:Akshay Kumar about his role in Jaani Dushman: Ek Anokhi Kahani