

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വീണ്ടും തടസ്സങ്ങള്‍ നേരിടുന്നു. നേരിട്ടുള്ള വിദേശനിക്ഷേപ മാനദണ്ഡങ്ങളും സുരക്ഷാ സംബന്ധമായ ആശങ്കകളുമാണ് സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ പ്രവേശനത്തിന് നിലവില്‍ തടസ്സമായിരിക്കുന്നത്. എഫ്ഡിഐ ചട്ടമനുസരിച്ച്, ടെലികോം മേഖലയില്‍ വിദേശ നിക്ഷേപം നടത്തുമ്പോള്‍ കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. എന്നാല്‍ സ്റ്റാര്‍ലിങ്ക് തങ്ങളുടെ ആഗോള ഓഹരി പങ്കാളിത്തം സംബന്ധിച്ച പൂര്‍ണരൂപം വെളിപ്പെടുത്താന്‍ തയ്യാറാകാത്തത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ (പ്രത്യേകിച്ച് ചൈന) സ്റ്റാര്‍ലിങ്കിന്റെ ആഗോള നിക്ഷേപകരില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ആശങ്കയുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍, ഗുണഭോക്താക്കളുടെ പൂര്‍ണ വിവരങ്ങള്‍ ഇല്ലാതെ ലൈസന്‍സ് നല്‍കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ ജിഎംപിസിഎസ് ലൈസന്‍സിനായി സ്റ്റാര്‍ലിങ്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇതില്‍ തീരുമാനമായിട്ടില്ല.
സ്റ്റാര്‍ലിങ്കിന്റെ ക്രോസ് ഹോള്‍ഡിങ് ഘടന ഉള്‍പ്പെടെ ദേശീയ സുരക്ഷക്ക് വെല്ലുവിളിയായേക്കുമെന്ന സര്‍ക്കാരിന്റെ ആശങ്കകളാണ് നടപടികള്‍ തടസ്സപ്പെടാന്‍ കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ചോദ്യങ്ങള്‍ക്ക് കമ്പനി വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് വിവരം. ഉപഗ്രഹ സേവനങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ 74 ശതമാനത്തിനു മുകളില്‍ നിക്ഷേപത്തിന് സര്‍ക്കാരിന്റെ നേരിട്ടുള്ള അനുമതി വേണം. രാജ്യത്തെ ബഹിരാകാശ നയപ്രകാരം ഇന്ത്യന്‍ ഉപകമ്പനികള്‍ക്കു മാത്രമേ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതിയുള്ളൂ.
ഇലോണ്‍ മസ്‌ക് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കമ്പനി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് മുന്‍പ് ലൈസന്‍സ് ലഭിക്കാനുള്ള സാധ്യത മങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബ്, റിലയന്‍സ് ജിയോയുടെ സാറ്റലൈറ്റ് വിഭാഗം എന്നിവ ഇതിനോടകം തന്നെ ലൈസന്‍സുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നത് ഇന്ത്യന്‍ വിപണിയില്‍ അവര്‍ക്ക് തിരിച്ചടിയായേക്കാം. സാങ്കേതികമായി സ്റ്റാര്‍ലിങ്ക് സജ്ജമാണെങ്കിലും ഇന്ത്യയിലെ കര്‍ശനമായ സുരക്ഷാ ചട്ടങ്ങളും നിക്ഷേപ നിയമങ്ങളുമാണ് കമ്പനിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
Content Highlights: Elon Musk's Starlink unable to get signal for India liftoff; faces FDI hurdles amid security concerns