'അവനെ ഇന്ത്യൻ ടീമിലെടുക്കാനായി പ്രതിഷേധിക്കാനും പോരാടാനും തയ്യാർ'; മനോജ് തിവാരി

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ പഞ്ചാബ് കിംഗ്‌സിന്റെ നായകൻ ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഇനിയും മാറ്റിനിർത്തിയാൽ അവനുവേണ്ടി പ്രതിഷേധിക്കാനും പോരാടാനും ഇറങ്ങുമെന്ന് ഇന്ത്യൻ മുൻ താരം മനോജ് തിവാരി

'അവനെ ഇന്ത്യൻ ടീമിലെടുക്കാനായി പ്രതിഷേധിക്കാനും പോരാടാനും തയ്യാർ'; മനോജ് തിവാരി
dot image

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ പഞ്ചാബ് കിംഗ്‌സിന്റെ നായകൻ ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഇനിയും മാറ്റിനിർത്തിയാൽ അവനുവേണ്ടി പ്രതിഷേധിക്കാനും പോരാടാനും ഇറങ്ങുമെന്ന് ഇന്ത്യൻ മുൻ താരം മനോജ് തിവാരി. 2025 ഐപിഎൽ സീസൺ മുതലേ കിടിലൻ ഫോമിലുള്ള താരത്തോട് സെലക്ടർമാർ ഇപ്പോഴും അവഗണന കാണിക്കുന്നതിലാണ് തിവാരി തന്റെ പ്രതിഷേധം അറിയച്ചത്. ക്രിക്ബസിനോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

കഴിഞ്ഞ ദിവസം നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് - പഞ്ചാബ് കിങ്‌സ് മത്സരത്തിൽ പുറത്താകാതെ 69 റൺസ് നേടി മിന്നും പ്രകടനം കാഴ്ച്ചവച്ച് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ച ശ്രേയസിന്‍റെ പ്രകടനത്തെ തിവാരി പുകഴ്ത്തി. 'ശ്രേയസ് അവന്റെ ബാറ്റിംഗിൽ വലിയ പക്വതയാണ് കാണിക്കുന്നത്. ഇത്രയൊക്കെ ചെയ്തിട്ടും അവനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, ഞങ്ങൾ പ്രതിഷേധിക്കും, അവനായി പോരാടും. അവന് അർഹമായത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും. രോഹിത് ശർമയും വിരാട് കോലിയും വിരമിച്ച സാഹചര്യത്തിൽ, ടീമിനെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുപോകാനും ഐസിസി ട്രോഫികൾ നേടിത്തരാനും കഴിയുന്ന ഒരു താരം ഇന്ത്യയ്ക്ക് ആവശ്യമാണ്', മനോജ് തിവാരി തുറന്നടിച്ചു.

മനോജ് തിവാരിക്കൊപ്പം ചർച്ചയിൽ പങ്കെടുത്ത ഇന്ത്യൻ മുൻ ഓപ്പണർ വീരേന്ദർ സെവാഗും സെലക്ടർമാരുടെ ഈ തീരുമാനങ്ങളിൽ അത്ഭുതം രേഖപ്പെടുത്തിയിരുന്നു. 'കഴിഞ്ഞ ടി20 ലോകകപ്പ് ടീമിൽ നിന്ന് ശ്രേയസിനെ ഒഴിവാക്കിയത് തന്നെ ഞെട്ടിച്ചിരുന്നു', സെവാഗും പറഞ്ഞു. 'കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു ശ്രേയസ് അയ്യർ. ടീമിനായി തനിച്ച് മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവ് ശ്രേയസ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്, അടുത്ത ലോകകപ്പ് ടീമിൽ അവന് സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷ', സെവാഗ് കൂട്ടിച്ചേർത്തു.

ഐപിഎൽ 2025 മുതൽ ശ്രേയസ് അയ്യർ തന്‍റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പഞ്ചാബ് കിംഗ്‌സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത് മുതൽ ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും അദ്ദേഹത്തിന്റെ പ്രകടനം വ്യക്തമാണ്. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ചതിന് പിന്നാലെ ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിന് തുടർ വിജയങ്ങള്‍ സമ്മാനിക്കാനും ശ്രേയസിനായിട്ടുണ്ട്.

Content highlight: 'I will fight and protest for Shreyas Iyer'; Manoj Tiwary

dot image
To advertise here,contact us
dot image