

ചെന്നൈ സൂപ്പർ കിങ്സിനായി ആദ്യ മത്സരങ്ങളിൽ തിളങ്ങാനാകാത്തതിലുള്ള ആരാധകരുടെ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ചെപ്പോക്കില്‍ ഇന്നലെ അരങ്ങേറിയ ഡല്‍ഹി ക്യാപിറ്റല്‍സ് - ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിലായിരുന്നു സഞ്ജു 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചുകൂട്ടിയത്. സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയത്.
'വളരെയധികം ഫോമിലായിരിക്കുമ്പോഴും രാജ്യത്തിനായി മത്സരങ്ങള്‍ ജയിപ്പിച്ച് കൊടുത്തിട്ടുള്ളപ്പോഴും, തുടര്‍ച്ചയായ ചില പരാജയങ്ങള്‍ മനസ്സില്‍ വലിയ സംശയങ്ങള്‍ സൃഷ്ടിക്കാറുണ്ട്. തുടക്കത്തില്‍ തന്നെ കൂടുതല്‍ ആക്രമിച്ചു കളിക്കണമോ അതോ ബാറ്റിംഗ് പ്ലാന്‍ മാറ്റണമോ എന്നിങ്ങനെയുള്ള പല ചിന്തകളും ആ സമയത്ത് മനസിലേക്ക് കയറിവരും. എന്നാല്‍ എന്റെ അടിസ്ഥാന ശൈലിയില്‍ വിശ്വസിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അത് ഇന്ന് മനോഹരമായ ഫലവും നൽകി', തന്റെ ഭാഗ്യവ്യക്തിയാണ് രവി ശാസ്ത്രിയെന്ന് തമാശരൂപേണ പറഞ്ഞു തുടങ്ങിയ സഞ്ജു വെളിപ്പെടുത്തി. തന്റെ ഇന്നിങ്സിന് ശേഷം രവി ശാസ്ത്രിയോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം.
മാത്രമല്ല, ആയുഷ മാത്രയ്ക്കൊപ്പമുള്ള ബാറ്റിംഗ് താൻ വളരെയധികം ആസ്വദിച്ചുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. 'ഒരിക്കല്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പരമാവധി വലിയ സ്‌കോര്‍ ബോര്‍ഡില്‍ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഞങ്ങള്‍ക്ക് നീണ്ട ബാറ്റിംഗ് നിരയുള്ളതിനാല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ കൃത്യമായ ബൗളര്‍മാരെയും ഓപ്ഷനുകളെയും തിരഞ്ഞെടുത്ത് മുന്നേറാനുമാണ് ശ്രദ്ധിച്ചത്' സഞ്ജു വ്യക്തമാക്കി.
Content highlight: Sanju Samson on his century against Delhi Capitals in IPL 2026