

രാജസ്ഥാൻ റോയൽസിനോടേറ്റ തോൽവിക്ക് പിന്നാലെ എതിർടീം ബാറ്ററായ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി മുംബൈ പരിശീലകൻ മഹേല ജയവർധനെ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിന് മഴ വില്ലനായതോടെ 11 ഓവറാക്കി ചുരുക്കിയിരുന്നു. വെറും രണ്ടോവർ രണ്ട് പന്തിൽ നിന്നാണ് 15-കാരൻ 39 റൺസെടുത്തത്. സൂര്യവംശിയുടെ പ്രകടനത്തെ "ഫാസിനേറ്റിംഗ്" എന്നായിരുന്നു മഹേല വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളമാരിൽ ഒരാളായ ജസ്‌പ്രീത് ബുംറയെ പോലും ഭയമില്ലാതെ നേരിടാനുള്ള ആത്മവിശ്വാസം ഈ പ്രായത്തിൽ അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
'സൂര്യവംശി മികച്ച പ്രതിഭയാണ്. അത് കഴിഞ്ഞ സീസണിലെ അവന്റെ പ്രകടനത്തിലൂടെ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. അന്ന് ഞങ്ങൾക്ക് അവനെ നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ അവൻ കൂടുതൽ കറുത്തനായാണ് തിരിച്ചുവന്നിരിക്കുന്നത്. ബുംറയുടെ പന്തിൽ ലെങ്ത് അല്പം മാറിയപ്പോൾ തന്നെ അവൻ അതിനായി തയ്യാറെടുത്തിരുന്നു. ഞങ്ങളുടെ ബൗളർമാരെ അവൻ ശരിക്കും കൈകാര്യം ചെയ്തു. വരും കാലങ്ങളിൽ സൂര്യവംശിയുടെ വളർച്ച കാണുന്നത് വലിയൊരു അനുഭവം തന്നെയായിരിക്കും', മഹേല മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ വാചാലനായി. വൈഭാവിനൊപ്പം യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗും ആർആറിന് മത്സരത്തിൽ നിർണ്ണായകമായെന്നും, ആദ്യ മൂന്ന് ഓവറിൽ തന്നെ ജയ്‌സ്വാൾ കളി രാജസ്ഥാന്റെ പക്ഷത്തേക്ക് തിരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യമായാണ് വൈഭവ് ബുംറയെ നേരിട്ടതെങ്കിലും അതിന്റെ യാതൊരു പതർച്ചയും അവന്റെ മുഖത്തുണ്ടായിരുന്നില്ല. തന്റെ ആദ്യ ഓവർ എറിയാനെത്തിയ ബുംറയുടെ ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് ആ 15-കാരൻ തന്റെ റൺസുവേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ രാജസ്ഥാൻ റോയൽസ് പവർപ്ലേയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. വെറും 30 പന്തിൽ നിന്ന് ജയ്‌സ്വാളും സൂര്യവംശിയും ചേർന്ന് 80 റൺസ് അടിച്ചുകൂട്ടി മുംബൈയുടെ ആത്മവീര്യം തല്ലികെടുത്തി. ഒടുവിൽ 27 റൺസിന്റെ തകർപ്പൻ വിജയത്തോടെയാണ് രാജസ്ഥാൻ ഗുവാഹത്തിയിൽ നിന്ന് മടങ്ങിയത്.
Content highlight: Mumbai coach on Vaibhav Sooryavanshi's batting