ചെറിയ ചില ശ്രദ്ധക്കുറവ് മതി വേനല്‍ക്കാലത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍

ചെറിയ അശ്രദ്ധ മതി ഫ്രിഡ്ജിന്റെ കംപ്രസര്‍ അമിതമായി ചൂടാകാനും സ്‌ഫോടനത്തിന് കാരണമാകാനും

ചെറിയ ചില ശ്രദ്ധക്കുറവ് മതി വേനല്‍ക്കാലത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍
dot image

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളെക്കുറിച്ച് പലപ്പോഴും നമ്മള്‍ വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ടാകും. പ്രത്യേകിച്ച് വേനല്‍ക്കാലത്താണ് ഇത്തരത്തിലുളള അപകടങ്ങള്‍ കൂടുതലായി ഉണ്ടാകുന്നത്. വേനല്‍ക്കാലത്ത് ചൂട് കൂടുമ്പോള്‍ വീട്ടിലെ റെഫ്രിജറേറ്റര്‍ മുറിയിലെ താപനിലയുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത് കംപ്രസറില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അതോടെ കംപ്രസര്‍ അമിതമായി ചൂടാവുകയും അത് മെക്കാനിക്കല്‍ തകരാറിലേക്കോ അല്ലെങ്കില്‍ അപൂര്‍വ്വമായി സ്‌ഫോടനത്തിലേക്കോ നയിച്ചേക്കാം. ഹീറ്റ് പമ്പ് പ്രവര്‍ത്തനത്തെക്കുറിച്ചും റഫ്രിജറന്റ് എക്‌സ്‌ചേഞ്ച് സൈക്കിളുകളെക്കുറിച്ചും മനസ്സിലാക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. റഫ്രിജറേറ്ററിന്റെ പ്രവര്‍ത്തനവും കാര്യക്ഷമതയും എങ്ങനെ നന്നായി നിലനിര്‍ത്താം, അപകടം ഉണ്ടാകാതെ എങ്ങനെ സംരക്ഷിക്കാം എന്നറിയാം.

fridge exploding

ഫ്രിഡ്ജ് ചുവരില്‍നിന്ന് അകലത്തില്‍ വയ്ക്കുക

മുറിയിലോ അടുക്കളയിലോ ആവശ്യത്തിന് സ്ഥലം ലഭിക്കാന്‍ മിക്ക ആളുകളും റഫ്രിജറേറ്റര്‍ ചുവരിനോട് ചേര്‍ത്താണ് വയ്ക്കുന്നത്. ഇങ്ങനെ വയ്ക്കുമ്പോള്‍ അത് റഫ്രിജറേറ്ററിന്റെ കംപ്രസറിനെ ശ്വാസംമുട്ടിക്കുന്നു. ചൂടുള്ള വായു റഫ്രിജറേറ്ററിന് പിന്നില്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍, കംപ്രസ്സര്‍ 'ഇരട്ട ഷിഫ്റ്റില്‍' പ്രവര്‍ത്തിക്കും. അങ്ങനെ കംപ്രസ്സര്‍ കത്തിപ്പോകും.

ഇങ്ങനെ ചെയ്യുന്നതിന് പകരം റഫ്രിജറേറ്ററിന്റെ പിന്‍വശത്തെ ഭിത്തിയില്‍നിന്ന് കുറഞ്ഞത് 4 മുതല്‍ 6 ഇഞ്ച് വരെ പിന്നിലേക്ക് വേണം ഫ്രിഡ്ജ് വയ്ക്കാന്‍. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഫ്രിഡ്ജിന്റെ പിന്‍വശത്തുള്ള വായൂ പുറത്തേക്ക് പോകാനിടയാകുകയും ചൂടുള്ള വായൂ ഉയര്‍ന്ന് പുറത്ത് പോകാന്‍ ഒരു ചിമ്മിനി പോലുള്ള പ്രഭാവം നല്‍കുകയും ചെയ്യുന്നു.

fridge exploding

പരമാവധി തണുപ്പ് 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ

പുറത്ത് 45 ഡിഗ്രി സെല്‍ഷ്യസില്‍ ചൂട് ആയിരിക്കുമ്പോള്‍ ഫ്രിഡ്ജിനുള്ളില്‍ പരമാവധി തണുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ് എന്ന് തോന്നിയേക്കാം. പക്ഷേ ഇത് തെറ്റായ ധാരണയാണ്. കാരണം റഫ്രിജറേറ്റര്‍ ഏറ്റവും തണുത്തിരിക്കുമ്പോള്‍ കംപ്രസര്‍ നിര്‍ത്താതെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ വിശ്രമിക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ കംപ്രസറുകള്‍ അമിതമായി ചൂടാവുകയും ഉപകരണം കേടാവുകയും ചെയ്യും.. അതിനാല്‍ റഫ്രിജറേറ്റര്‍ താപനില ' medium' അല്ലെങ്കില്‍ ഏകദേശം 3 ഡിഗ്രി മുതല്‍ 5ഡിഗ്രി സെല്‍ഷ്യസ് വരെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്നത് എങ്ങനെ തടയാം

റഫ്രിജറേറ്ററുകള്‍ തകരാറിലാകുന്നതിന് മുന്‍പ് ചില ശബ്ദങ്ങള്‍ ഉണ്ടാകും. ഓരോ രണ്ട് മിനിറ്റിലും സ്ഥിരമായി ക്ലിക്ക് ചെയ്യുന്ന ശബ്ദം കേള്‍ക്കുക, മാത്രമല്ല ഫ്രിഡ്ജ് തണുക്കാതിരിക്കുക ഇങ്ങനെയുണ്ടെങ്കില്‍ സ്റ്റാര്‍ട്ട് റിലേ അമിതമായി ചൂടാകാന്‍ സാധ്യതയുണ്ട്.
പരിഹാരം- മോട്ടോര്‍ തണുക്കാന്‍ 30 മിനിറ്റ് റഫ്രിജറേറ്റര്‍ ഓഫ് ചെയ്യുക. അതിന് ശേഷം വീണ്ടും ഓണാക്കുക. വീണ്ടും ക്ലിക് ചെയ്യുന്ന ശബ്ദം കേള്‍ക്കുകയാണെങ്കില്‍ കംപ്രസറിന് കേടുപാടുകള്‍ വരുന്നതിന് മുന്‍പ് ഒരു ടെക്‌നീഷ്യനെ വിളിക്കുക.

കോയിലുകള്‍ വൃത്തിയാക്കുക

റഫ്രിജറേറ്ററിന്റെ കൂളിംഗ് കോയിലുകളില്‍ അടിഞ്ഞുകൂടുന്ന പൊടി ഒരു ഭീമന്‍ കമ്പിളി സ്വെറ്റര്‍ പോലെ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ റഫ്രിജറേറ്ററില്‍നിന്നുള്ള ചൂട് ആഗീരണം ചെയ്യുകയും ചെയ്യുന്നു.
പൊടി ഇല്ലാതാക്കാനായി റഫ്രിജറേറ്ററിന്റെ പ്ലഗ് ഊരി യൂണിറ്റിന്റെ പിന്‍ഭാഗമോ താഴെ മുന്‍ഭാഗമോ(ഗ്രില്ലിന് പിന്നില്‍) പരിശോധിക്കുക. ഒരു വാക്വം അല്ലെങ്കില്‍ നീളമുള്ള ബ്രഷ് ഉപയോഗിച്ച് അടിഞ്ഞുകൂടിയ പൊടി വൃത്തിയാക്കാവുന്നതാണ്. ഇങ്ങനെ പൊടി വൃത്തിയാക്കുന്നതുകൊണ്ട് കംപ്രസറിന്റെ ജോലിഭാരം 25 ശതമാനം കുറയും.

fridge exploding

റഫ്രിജറേറ്ററിന്റെ വാതിലിന്റെ സീല്‍ പരിശോധിക്കുക

റഫ്രിജറേറ്ററിന്റെ വാതില്‍ നന്നായി അടച്ചില്ലെങ്കില്‍ പുറത്തുനിന്നുള്ള ചൂട് അകത്തുകടന്ന് ഫ്രിഡ്ജിന്റെ പ്രവര്‍ത്തനം നഷ്ടത്തിലാകും. ഫ്രിഡ്ജിന്റെ വാതില്‍ നന്നായി അടഞ്ഞാണോ ഇരിക്കുന്നത് എന്നറിയാന്‍ ഒരു കറന്‍സിനോട്ട് വാതിലില്‍ വച്ച് അടയ്ക്കുക. നോട്ട് എളുപ്പത്തില്‍ പുറത്തെടുക്കാന്‍ കഴിയുകയാണെങ്കില്‍ വാതില്‍ നന്നായി അടഞ്ഞല്ല ഇരിക്കുന്നതെന്ന് കരുതാം. സോപ്പ് വെള്ളത്തില്‍ വാതിലിന്റെ റബ്ബര്‍ഗാസ്‌കറ്റ് വൃത്തിയാക്കുക, അല്ലെങ്കില്‍ ലോഹ റഫ്രിജറേറ്റര്‍ ഫ്രെയിമില്‍ നന്നായി പറ്റിപ്പിടിക്കാന്‍ കഴിയുന്ന തരത്തില്‍ റബ്ബര്‍ ഗാസ്‌കറ്റില്‍ കുറച്ച് വാസിലിന്‍ (പെട്രോളിയം ജല്ലി) പുരട്ടുക.

റഫ്രിജറേറ്ററില്‍ സാധനങ്ങള്‍ ഒരിക്കലും അമിതമായി കുത്തിനിറയ്ക്കരുത്

ഫ്രിഡ്ജിന്റെ ശേഷിയുടെ 70 %ത്തില്‍ കൂടുതല്‍ ഒരിക്കലും നിറച്ച് വയ്ക്കരുത്.കാരണം ഫ്രിഡ്ജിനുള്ളില്‍കൂടി വായുവിന് നന്നായി ഒഴുകാന്‍ സാധിക്കണം. ഫ്രിഡ്ജിന്റെ വെന്റുകള്‍ക്ക് മുന്നില്‍ വലിയ പാത്രങ്ങളോ പ്ലാസ്റ്റിക് ബാഗുകളോ വയ്ക്കുമ്പോള്‍ സഞ്ചരിക്കാന്‍ കഴിയുന്ന തണുത്ത വായുവിന്റെ അളവ് കുറയുന്നു. ഇത് ഹോട്ട് സ്‌പോട്ടുകള്‍ സൃഷ്ടിക്കുകയും കംപ്രസര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരികയും ചെയ്യുന്നു.

Content Highlights : A little carelessness is enough to cause the refrigerator's compressor to overheat and explode.

dot image
To advertise here,contact us
dot image