

തന്റെ അടുത്ത് ഫോട്ടോയെടുക്കാൻ എത്തിയ ആരധകൻ പുത്തൻ ഫോൺ സമ്മാനമായി നൽകി സഞ്ജു സാംസൺ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി ശബരീഷിനാണ് സഞ്ജു ഫോൺ സമ്മാനമായി നൽകിയത്.
സംഭവം ഇങ്ങനെ, പതിവുപോലെ വൈകിട്ട് പുഞ്ചപ്പാടം ബസ് സ്റ്റോപ്പിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോവുകയായിരുന്നു ശബരീഷും സുഹൃത്തുക്കളും. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകനായ ശബരീഷ് കയ്യിൽ ബാറ്റും ഒപ്പം സിഎസകെയുടെ മഞ്ഞ കുപ്പായത്തിലായിരുന്നു കളിക്കാൻ പോയത്. പോകുംവഴി റോഡരികിൽ കണ്ട കറുത്ത റേഞ്ച് റോവർ കാറിലേക്ക് വെറുതെ ഒന്ന് നോക്കിയതും ആകെ അമ്പരന്ന് ശബരീഷ് അവിടെ നിന്നു. സഞ്ജുവിന്റെ കടുത്ത ആരാധകനായിരുന്നു ശബരീഷും.
കഴിഞ്ഞ ദിവസം വരെ ടിവിയിൽ കൊണ്ടുകൊണ്ടിരുന്ന പ്രിയതാരത്തെ പെട്ടെന്ന് നേരിൽ കണ്ടതും ഒരു സെൽഫി എടുത്തോട്ടെ എന്ന ആദ്യ ചോദ്യം. അതിന് 'പിന്നെന്താ…' എന്ന മറുപടി. ഫോട്ടോ എടുക്കുന്നതിനായി ഫോൺ എടുത്തതും അതിന്റെ ഡിസ്പ്ലേ ആകെ പോയിരിക്കുന്നത് സഞ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടു. നേരെ താരം കാറിന്റെ ഡിക്കിയിൽ നിന്ന് ഒരു ഫോൺ എടുത്ത് നേരെ ശബരീഷിന് നീട്ടി. 'ഈ ഫോൺ നീ എടുത്തോ, നിന്റെ ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയില്ല', സഞ്ജു പറഞ്ഞു. ഫോൺ സ്വീകരിച്ച ശബരീഷിനോട് നന്നായി ക്രിക്കറ്റ് കളിക്കണമെന്ന് ഉപദേശവും.
ഡിഷ് ആന്റിന ടെക്‌നീഷ്യനായ ശബരീഷ് കടമ്പഴിപ്പുറം ക്രിക്കറ്റ് ക്ലബിലെ താരമാണ്. വിക്കറ്റ് കീപ്പറായാണ് താരം അവിടെ കളിക്കുന്നത്. സഞ്ജു കോഴിക്കോടുള്ള തന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കോയമ്പത്തൂർ വീമാനത്താവളത്തിലേക്ക് പോവുകയും വഴിയായിരുന്നു ഈ സംഭവം ഉണ്ടായത്.
Content highligh: Sanju Samson gifted a new phone to his fan