

ഇന്ത്യൻ പ്രീമിയർ ലീഗിലെ വമ്പൻ കൂടുമാറ്റത്തിന് ശേഷം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഉപദേശവുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും വമ്പൻ ട്രേഡില്‍ സിഎസ്‌കെയിലെത്തിയ ശേഷം കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജു രണ്ടക്കം കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ ആറ്, രണ്ടാം മത്സരത്തിൽ ഏഴ്, മൂന്നാം മത്സരത്തിൽ എട്ട് എന്നിങ്ങനെ വെറും 22 റണ്‍സ് മാത്രമാണ് താരത്തിന് ഇതുവരെ സിഎസ്കെയ്ക്കായി സമ്പാദിക്കാനായത്. ഈ സാഹചര്യത്തിലാണ് സെവാഗ് തന്റെ ആശയങ്ങൾ മുന്നോട്ടുവച്ചത്.
'സഞ്ജു സാംസണ്‍ യഥാർത്ഥത്തിൽ യുവരാജ് സിങിനെ പോലെയാണ്. നിന്ന നില്‍പ്പില്‍ തന്നെ അനായാസം സിക്‌സറുകള്‍ പായിക്കാന്‍ ഇരുവർക്കും സാധിക്കും. ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഇവരുടെ ബാറ്റ് മുകളിലേക്ക് പോവാറുണ്ട്. ബ്രയാന്‍ ലാറയും ഇങ്ങനെയായിരുന്നു. അതുകൊണ്ടാണ് സിക്‌സറടിക്കുകയെന്നത് ഇവര്‍ക്കെല്ലാം എളുപ്പമായി മാറിയത്. സഞ്ജുവിന്റെ ബാറ്റിങ് നോക്കിയാല്‍ ഇവരുമായെല്ലാം നല്ല സാമ്യമുള്ളാത്തയും കാണാൻ സാധിക്കും', സെവാഗ് പറഞ്ഞു. എന്നാൽ, സ്പിന്നര്‍മാര്‍ പന്തെറിയാന്‍ വരുന്നതു വരെ ക്രീസില്‍ തുടർന്നാൽ മാത്രമേ സഞ്ജുവിന് ഇതു പോലെയുള്ള ഷോട്ടുകള്‍ പായിക്കാൻ കഴിയുകയുള്ളു, അദ്ദേഹം തുറന്ന് പറഞ്ഞു. ക്രിക്ക്ബസിന്റെ ഷോയില്‍ ഷോയില്‍ സംസാരിക്കവെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കുപ്പായത്തില്‍ സഞ്ജു സാംസണിന്റെ ദയനീയ ഫോമിനെക്കുറിച്ച് വീരേന്ദര്‍ സെവാഗ് ഈ നിരീക്ഷണം നടത്തിയത്.
ഫാസ്റ്റ് ബൗളമാര്‍ക്കെതിരെ കളിക്കുമ്പോഴും സഞ്ജുവിന്റെ ബാറ്റ് മുകളിലേക്കു പോകാറുണ്ടെന്നും, പക്ഷെ സിഎസ്‌കെയില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും റണ്‍സ് വരുന്നില്ലെന്നും സെവാഗ് വിലയിരുത്തി. ചെന്നൈയിലെ ചെപ്പോക്ക് ഗ്രൗണ്ട് അദ്ദേഹത്തിന് ഒട്ടും രാശിയില്ലാത്ത മൈതാനമാണ് എന്നാണ് നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഗ്രൗണ്ടില്‍ മുമ്പ് വേണ്ടത്ര റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് സഞ്ജുവിന്റെ മനസ്സിലൂടെ ഇപ്പോഴും കടന്നുപോകുന്നുണ്ടാകും. പക്ഷെ ഇപ്പോൾ ചെന്നൈയുടെ താരമായതുകൊണ്ട് തന്നെ ചെപ്പോക്കില്‍ കുറഞ്ഞത് ഏഴു മല്‍സരങ്ങളിലെങ്കിലും കളിക്കുകയും വേണം. അതിനാല്‍ ചെന്നൈയിലെ മോശം സ്റ്റാറ്റസ് സഞ്ജുവിന് ഇനിയും മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് സെവാഗ് വിശദമാക്കി.
അതേസമയം, ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം. സഞ്ജുവിന്റെ ശക്തമായൊരു തിരിച്ചുവരവിന് തന്നെയാകും ആരധകർ കാത്തിരിക്കുന്നുണ്ടാവുക. കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ ചെന്നൈ നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. കളിച്ച രണ്ടിൽ രണ്ടും ജയിച്ച ഡൽഹിയാകട്ടെ നാല് പോയിൻറ്റോടെ നാലാം സ്ഥാനത്തും.
Content highlight: 'Sanju Samson must spend more time on crease'; Virendar Sehwag big advice to Sanju