

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ ചെന്നൈയെ കീഴടക്കിയത്. സൂപ്പര്‍ കിംഗ്‌സിനെ 127 റണ്‍സിന് ഓള്‍ഔട്ടാക്കിയ രാജസ്ഥാന്‍ 12.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി. 17 പന്തില്‍ 52 റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്. അഞ്ച് സിക്‌സറും നാലു ഫോറും വൈഭവ് നേടി. അന്‍ഷുല്‍ കാംബോജിന്റെ പന്തില്‍ സര്‍ഫറാസ് ഖാന് ക്യാച്ച് നല്‍കിയാണ് വൈഭവ് പുറത്തായത്.
വണ്‍ ഡൗണായെത്തിയ ധ്രുവ് ജൂറലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 9 പന്തില്‍ 18 റണ്‍സെടുത്ത ജൂറലിനെ പുറത്താക്കിയതും കാംബോജായിരുന്നു. മറുവശത്ത് പതിവില്‍ നിന്നും വ്യത്യസ്തമായി കരുതലോടെയായിരുന്നു ഓപ്പണറായ യശ്വസി ജയ്‌സ്വാൾ ബാറ്റുചെയ്തത്. ജയ്‌സ്വാള്‍ 36 പന്തില്‍ 38 റണ്‍സുമായും ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11 പന്തില്‍ 14 റണ്‍സുമായും പുറത്താകാതെ നിന്നു.
ബര്‍സപാര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 19.4 ഓവറില്‍ 127 റണ്‍സ് മാത്രമാണ് നേടാനായത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ (6) അടക്കമുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. അവസാന ഓവറില്‍ തകര്‍ത്തടിച്ച ജാമി ഓവര്‍ട്ടണാണ് സിഎസ്‌കെയെ 120 കടത്തിയത്. 36 പന്തില്‍ 43 റണ്‍സെടുത്ത ഓവര്‍ട്ടണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
Content Highlights: IPL 2026, CSK vs RR; Vaibhav Suryavanshi fires, As Rajasthan Royals Beat Chennai super kings In 12.1 Overs