

2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ആദ്യപോരാട്ടത്തിന് ഒരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് സിഎസ്കെയുടെ ആദ്യമത്സരം. മലയാളി താരം സഞ്ജു സാംസൺ ചെന്നെെ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയതോടെ ടീമിന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുന്നവർ ഏറെയാണ്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ മലയാളികളുടെ അഭിമാനതാരത്തെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ ചെന്നൈയിലെ കന്നിമത്സരത്തിന് മുന്നോടിയായി സഞ്ജു സാംസണിന്റെ ഒരു സ്പെഷ്യൽ വീഡിയോയാണ് വൈറലായിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് പുറത്തിറക്കിയ വീഡിയോയിൽ സഞ്ജു കേരളത്തിലെ ആരാധകരോടെ മലയാളത്തിലാണ് സംസാരിക്കുന്നത്. ചെന്നൈ ടീമിന് നൽകുന്ന പിന്തുണ തുടരണമെന്നാണ് സഞ്ജു മലയാളത്തിൽ ആവശ്യപ്പെടുന്നത്.
'ഹലോ, എന്തുണ്ട്? എല്ലാവര്‍ക്കും നമസ്‌കാരം. നമ്മള് പറഞ്ഞ പോലെ ചെന്നൈയിലെത്തിയിരിക്കുകയാണ്. 'ചെന്നൈ ഐപിഎല്‍ ഫീവര്‍' തുടങ്ങിയിരിക്കുകയാണ്. എല്ലാവരും നേരത്തെ പറഞ്ഞതുപോലെ മഞ്ഞ അണിയുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിസിലടിക്കുക. അപ്പോ ഗ്രൗണ്ടില്‍ കാണാം', സഞ്ജു വീഡിയോയിൽ പറഞ്ഞു. 'ഇനി നമ്മൾ മഞ്ഞ' എന്ന ക്യാപ്ഷനോടെയാണ് സിഎസ്കെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഗുവാഹത്തിയിലാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന രാജസ്ഥാൻ-ചെന്നൈ ആവേശപ്പോരാട്ടം. ധോണിക്കു പരുക്കേറ്റതോടെ സഞ്ജു സാംസൺ ചെന്നൈ ടീമിന്റെ വിക്കറ്റ് കീപ്പറാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. പരിശീലനത്തിനിടെ കാലിനു പരുക്കേറ്റ ധോണിക്ക് സീസണിലെ ആദ്യ 2 ആഴ്ചകൾ നഷ്ടമാകുമെന്നാണ് ചെന്നൈ ടീം ഇന്നലെ അറിയിച്ചത്. ഇപ്പോഴിതാ ധോണിക്ക് പിന്നാലെ പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡെവാൾഡ് ബ്രെവിസിനും രാജസ്ഥാനെതിരായ മത്സരം നഷ്ടമാകുമെന്ന് ടീം സ്ഥിരീകരിച്ചിരിക്കുകയാണ്.
Content Highlights: IPL 2026: Sanju Samson Video for Malayali Fans before CSK's first match Goes viral