

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്. പുതിയ സീസണിന് റെക്കോർഡോടെ തകർപ്പൻ തുടക്കം കുറിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോഹ്‌ലി. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിലാണ് കോഹ്‌ലി അപൂർവ നേട്ടം സ്വന്തമാക്കിയത്.
ചിന്നസ്വാമിയിൽ നടക്കുന്ന മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ഐപിഎല്ലിലെ 19 സീസണുകളിലും കളിക്കുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടമാണ് കോഹ്‌ലി സ്വന്തം പേരിലെഴുതിച്ചേർത്തത്. 2008 ഏപ്രിൽ 18ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബെംഗളൂരുവിന് വേണ്ടി അരങ്ങേറ്റം കുറിച്ച കോഹ്‌ലി, ഇന്നും അതേ ഫ്രാഞ്ചൈസിക്ക് വേണ്ടി തന്നെയാണ് കളിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ 19 വർഷമായി ഒരേ ടീമിന് വേണ്ടി മാത്രം കളിക്കുന്ന ഏക താരവും കോഹ്‌ലി മാത്രമാണ്.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 സീസണിന്റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റുചെയ്യുകയാണ്. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: Virat Kohli writes History, Becomes first Cricketer To Play All 19 Seasons Of Indian Premier League