

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് കൗമാരപ്രായത്തിൽ തന്നെ നേരിടേണ്ടി വന്ന കടുത്ത വംശീയ അധിക്ഷേപങ്ങൾ തന്റെ കരിയറിലും മാനസികാവസ്ഥയിലും വലിയ മുറിവുകളാണ് ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ബിസിസിഐയിൽ നിന്നും വർണവിവേചനം നേരിട്ടതിനെ തുടർന്ന് കമൻ്ററി പാനലിൽ നിന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ സഹതാരങ്ങളില്‍ നിന്നുപോലും നിറത്തിന്റെ പേരിൽ താൻ നിരന്തരം താൻ അപമാനിക്കപ്പെട്ടിരുന്നു എന്ന് തുറന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
14-ാം വയസ് മുതൽ താൻ അപമാനിക്കപ്പെട്ടിരുന്നു. ടീമിലെ സഹതാരങ്ങൾ പോലും നിറത്തിന്റെ പേരിൽ തന്നെ കളിയാക്കിയിരുന്നു. തന്റെ ജീവിതത്തിൽ നടന്ന മോശപ്പെട്ട സംഭവങ്ങൾ ഒരു അഭിമുഖത്തിലാണ് എൽ ശിവരാമകൃഷ്ണൻ വെളിപ്പെടുത്തിയത്. ചെപ്പോക്കിലെ ഇന്ത്യൻ ക്യാമ്പിൽ 14 വയസ്സിൽ നെറ്റ് ബൗളറായി എത്തിയപ്പോഴായിരുന്നു താരത്തിന് ആദ്യത്തെ ദുരനുഭവമുണ്ടായത്. സ്കൂൾ യൂണിഫോം പോലും മാറാതെ വസ്ത്രം മാറാനായി സ്റ്റേഡിയത്തിലെ ഒരു ചെറിയ മുറിയിലേക്ക് ഓടിക്കയറിയ കുട്ടിയെ കണ്ട ഒരു മുതിർന്ന ഇന്ത്യൻ താരം ആവശ്യപ്പെട്ടത് തന്റെ ഷൂസ് വൃത്തിയാക്കാനായിരുന്നു. തന്നെ ഒരു ഗ്രൗണ്ട് സ്റ്റാഫാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആ താരത്തിന്റെ പെരുമാറ്റമെന്ന് ശിവരാമകൃഷ്ണൻ ഓർക്കുന്നു.
'വംശീയതയോ നിറത്തിന്റെ പേരിലുള്ള വിവേചനമോ എന്താണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ആ മനുഷ്യൻ എന്തിനാണ് ഇങ്ങനെ പ്രതികരിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. അതൊന്നും എന്റെ ജോലിയല്ല, നിങ്ങൾക്ക് എന്താണോ ചെയ്യേണ്ടത് അത് നിങ്ങൾ തന്നെ ചെയ്യുക എന്ന് മറുപടി നൽകി അന്ന് ആ താരം അവിടെ നിന്ന് മാറി. തൻറെ പതിനേഴാം ജന്മദിനത്തിൽ ഉണ്ടായ അനുഭവം അതിലേറെ വേദനിപ്പിക്കുന്നതായിരുന്നു'
ജന്മദിനാഘോഷത്തിനായി കൊണ്ടുവന്ന കേക്കിന്റെ നിറത്തെ ശിവരാമകൃഷ്ണന്റെ തൊലിയുടെ നിറവുമായി താരതമ്യം ചെയ്ത് ഒരു മുതിർന്ന താരം പരിഹസിക്കുകയായിരുന്നു. 'ഹേയ് സണ്ണി, നീ ശരിയായ നിറത്തിലുള്ള കേക്ക് തന്നെയാണ് ഓർഡർ ചെയ്തത്. കറുത്ത പയ്യന് പറ്റിയ നല്ല ഡാർക്ക് ചോക്ലേറ്റ് കേക്ക്,' എന്നായിരുന്നു പരിഹാസം. ഇത് കേട്ട് മനംനൊന്ത് കരഞ്ഞ ശിവരാമകൃഷ്ണൻ കേക്ക് മുറിക്കാൻ വിസമ്മതിച്ചു. ഒടുവിൽ ഇതിഹാസ താരം സുനിൽ ഗാവസ്കർ ഇടപെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ച ശേഷമാണ് നിറഞ്ഞ കണ്ണുകളോടെ കേക്ക് മുറിച്ചത്.
ഇതെല്ലാം എന്റെ ആത്മവിശ്വാസം കുറച്ചു. ചെറുപ്പത്തിൽ തന്നെ ഇങ്ങനെ സംഭവിച്ചപ്പോൾ, ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക വളരെ ബുദ്ധിമുട്ടായി. ഞാൻ ഇതൊക്കെ മറക്കാൻ ആഗ്രഹിച്ചു, പക്ഷേ അതിന് സാധിച്ചില്ലെന്നും താൻ തളർന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 25 മത്സരങ്ങൾ കളിച്ച താരമാണ് ശിവരാമകൃഷ്ണൻ. 1983 ഏപ്രിലിൽ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോൾ 17 വർഷവും 118 ദിവസവുമായിരുന്നു പ്രായം. ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായിരുന്നു ശിവരാമകൃഷ്ണൻ.
Content Highlights: Laxman Sivaramakrishnan reveals he faced racism from his own teammates