

രണ്ട് ദിവസങ്ങൾക്കപ്പുറം 2026 ഐപിഎൽ പോരാട്ടത്തിന് കൊടികയറുകയാണ്. വലിയ പ്രതീക്ഷയോടെയാണ് എല്ലാ ഫ്രാഞ്ചൈസികളും ഇത്തവണ കളത്തിലിറങ്ങാൻ പോകുന്നത്. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം ഐപിഎല്ലിന്റെ പുതിയ സീസൺ വളരെ നിർണ്ണായകമാണെന്ന് തന്നെ പറയാം. പല താരങ്ങളും ശക്തമായ തിരിച്ചുവരവാണ് ഈ സീസണിൽ പ്രതീക്ഷിക്കുന്നത്. യുവതാരങ്ങളുടെ കൂട്ടത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനും ഈ സീസൺ വളരെ നിർണായകം തന്നെയാണ്.
സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ എന്നതിലപ്പുറം ക്രിക്കറ്റ് താരമെന്ന നിലയിൽ വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കാൻ അർജുന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുംബെെ ഇന്ത്യൻസ് വിട്ട് താരം ഇപ്പോൾ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ തട്ടകത്തിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം ആർ അശ്വിൻ സ്വന്തം യുട്യൂബ് ചാനലിൽ സംസാരിക്കവെ അർജുന് ലഖ്നൗവിന്റെ പ്ലേയിങ് 11ൽ സ്ഥാനം ഉണ്ടാകില്ലെന്ന് പറഞ്ഞിരുന്നു.
അതിന് പിന്നത്തെ അശ്വിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിങ്ങിന്റെ പിതാവും പരിശീലകനുമായ യോഗ് രാജ് സിങ്. 'അശ്വിൻ എന്താണീ പറയുന്നത്. ആരാണ് ഈ അശ്വിൻ? ഒരാളെക്കുറിച്ച് അറിഞ്ഞിട്ട് വേണം ഇങ്ങനെയൊക്കെ സംസാരിക്കാൻ. വെറുതെ ടിവിയുടെ മുന്നിലിരുന്ന് അവനെക്കൊണ്ട് അത് ചെയ്യാൻ സാധിക്കില്ല എന്നെല്ലാം പറയാൻ നിങ്ങൾ ആരാണ്? അർജുൻ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്.' യോഗ് രാജ് വിമർശിച്ചു.
'ഇനി അർജുനെക്കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലെങ്കിൽ അവനെ എന്റെ അടുത്തോട്ട് വിടൂ. അവൻ ലോകത്തിലെ എല്ലാ ബാറ്റ്സ്മാൻമാരേയും മറികടക്കും. അവനെക്കൊണ്ട് അതിന് സാധിക്കുന്നില്ലെങ്കിൽ ഞാൻ എന്റെ താടി കളയാം' യോഗ് രാജ് കൂട്ടിച്ചേർത്തു.
അർജുൻ ടെണ്ടുൽക്കർ മുംബെെ ഇന്ത്യൻസിനായി ഇതിനോടകം തന്നെ കളിച്ചതാണ്. എന്നാൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതീക്ഷിച്ച വേഗം അർജുന്റെ ബൗളിങ്ങിൽ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ എതിർ ബാറ്റ്സ്മാൻമാർ അർജുനെ അനായാസം നേരിടുകയും ചെയ്യുന്നു. എന്നാൽ യോഗ് രാജിന് കീഴിൽ ആറ് മാസം അർജുൻ പരിശീലനം നടത്തിയിരുന്നു. ഇതോടെ അർജുന്റെ ബൗളിങ്ങിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് യോഗ് രാജ് വ്യക്തമാക്കുന്നത്. ഈ സീസണിൽ അർജുന് തന്റെ മികവ് കാട്ടാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ലഖ്നൗവിന്റെ പ്ലെയിൻഡ് ഇലവനിലേക്ക് അർജുൻ ടെണ്ടുൽക്കർ എത്തുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.
Content highlight: Yograj Singh slams R Ashwin for doubting Arjun Tendulkar quality ahead of IPL 2026