

അന്തരിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ കുടുംബത്തിന് രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി വിൽക്കുന്നതിന്റെ ഭാഗമായി 460 കോടി ലഭിക്കും. ഫ്രാഞ്ചൈസിയുടെ 0.75 ശതമാനം ഓഹരി ഷെയ്ൻ വോണിനുണ്ട്. അതുകൊണ്ടാണ് ഫ്രാഞ്ചൈസി വിൽക്കുമ്പോൾ വലിയ തുക ലഭിക്കുന്നത്.
2008ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്നു ഷെയ്ൻ വോൺ. ടീമിന്റെ ക്യാപ്റ്റൻസിക്കൊപ്പം ഫ്രാഞ്ചൈസിയുടെ നിയന്ത്രണവും ഷെയ്ൻ വോൺ ഏറ്റെടുത്തിരുന്നു. അങ്ങനെയാണ് ഫ്രാഞ്ചൈസിയിൽ ഷെയറും താരത്തിനു ലഭിച്ചത്. പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ കിരീടം ചൂടിക്കാൻ വോണിന് സാധിച്ചിരുന്നു.
നാല് സീസണുകളിൽ വോൺ രാജസ്ഥാനായി കളിച്ചു. ആദ്യ സീസണിലെ 0.75 ഓഹരി നാല് സീസൺ ആയപ്പോൾ മൂന്ന് ശതമാനമായി ഉയർന്നു. ഇപ്പോൾ രാജസ്ഥാനെ വിറ്റപ്പോൾ വോൺ കുടുംബത്തിന് 450 മുതൽ 460 കോടി രൂപ വരെ ലഭിക്കും. ഒരു സീസൺ കളിക്കാൻ 2.34 കോടിയാണ് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന് ഫ്രാഞ്ചൈസി നൽകിയത്. നാലു സീസണുകളിൽനിന്ന് 9.36 കോടി രൂപയും താരത്തിനു ലഭിച്ചു.
യുഎസ് വ്യവസായി കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്ല്യൺ ഡോളറിനാണ് (ഇന്ത്യൻ രൂപയിൽ 15,300 കോടി) രാജസ്ഥാനെ വാങ്ങിയത്. വാൾമാർട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് നീക്കമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 ഐപിഎലിനു ശേഷമാകും പുതിയ ഉടമകൾ ടീമിനെ ഏറ്റെടുക്കുക. 2026 സീസണിനു ശേഷമായിരിക്കും ഷെയ്ൻ വോണിന്റെ കുടുംബത്തിനു ഓഹരി തുകയും ലഭിക്കുക.
Content Highlights: IPL 2026: Shane Warne's masterstroke at Rajasthan Royals leads to over Rs 460-crore jackpot