

ടി20 ലോകകപ്പ് ഫൈനലിനിടെ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലുമായി ഉണ്ടായ തര്‍ക്കത്തില്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് ക്ഷമാപണം നടത്തേണ്ടതില്ലായിരുന്നുവെന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീര്‍. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമ്പോള്‍ ഇത്തരം ആക്രമണോത്സുകത സ്വാഭാവികമാണെന്നും ഗംഭീര്‍ പറഞ്ഞു.
ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗിനിടെയാണ് സംഭവം നടന്നത്. അര്‍ഷ്ദീപിന്റെ പന്തില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ മിച്ചല്‍ നേടിയിരുന്നു. തൊട്ടുപിന്നാലെ, മിച്ചല്‍ ക്രീസിന് പുറത്താണെന്ന് കണ്ട് അര്‍ഷ്ദീപ് നടത്തിയ റണ്‍ ഔട്ട് ശ്രമം പരാജയപ്പെടുകയും പന്ത് താരത്തിന്റെ ദേഹത്ത് കൊള്ളുകയും ചെയ്തു. ഇത് മൈതാനത്ത് ചെറിയ വാക്കുതര്‍ക്കത്തിന് കാരണമായി. മത്സരം ജയിച്ച ശേഷം ഇത് മനപൂര്‍വമല്ലെന്ന് പറഞ്ഞ് അര്‍ഷ്ദീപ് മിച്ചലിനോട് ക്ഷമ ചോദിച്ചിരുന്നു.
അര്‍ഷ്ദീപിന്റെ ക്ഷമാപണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നാണ് ഗംഭീറിന്റെ പക്ഷം. 'നിങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ആക്രമണോത്സുകത കാണിക്കുന്നത് സ്വാഭാവികമാണ്. തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ വഴങ്ങാന്‍ ഒരു ബൗളറും ഇഷ്ടപ്പെടില്ല. അര്‍ഷ്ദീപിന്റെ ആ പ്രതികരണം തന്നെയാണ് എന്റെ കളിക്കാരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം ക്ഷമ ചോദിച്ചില്ലെങ്കിലും എനിക്ക് കുഴപ്പമില്ലായിരുന്നു.' ഗംഭീര്‍ വ്യക്തമാക്കി.
തര്‍ക്കവുമായി ബന്ധപ്പെട്ട് ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അര്‍ഷ്ദീപ് സിംഗിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. കളിക്കാരന് നേരെ അപകടകരമായ രീതിയില്‍ പന്ത് എറിഞ്ഞു എന്ന കുറ്റത്തിനാണ് നടപടി. ഇതിനുപുറമെ താരത്തിന്റെ അച്ചടക്ക റെക്കോര്‍ഡില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചേര്‍ത്തു.
Content Highlights : gautam gambhir supports arshdeep singh daryl mitchell- ncident