

ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിൽ നിരാശയുണ്ടായിരുന്നില്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ. ടീമില്‍ നിന്ന് പുറത്തായതുകൊണ്ട് മാത്രം തന്റെ അച്ഛന്റെ അവസാന നാളുകളില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞുവെന്നും അത് കൊണ്ട് തന്നെ അതൊരു നഷ്ടമായി കാണുന്നില്ലെന്നും ജിതേഷ് പറഞ്ഞു.
'ലോകകപ്പിനേക്കാള്‍ കൂടുതല്‍ എന്റെ അച്ഛന് എന്നെ ആവശ്യമുണ്ടായിരുന്ന സമയമായിരുന്നു അത്. ആ ഏഴ് ദിവസം അദ്ദേഹത്തെ പരിചരിക്കാന്‍ ദൈവം എനിക്ക് അവസരം നല്‍കി. അതുകൊണ്ട് തന്നെ ലോകകപ്പ് നഷ്ടമായതില്‍ ഇപ്പോള്‍ ആരോടും എനിക്ക് ദേഷ്യമോ പരാതിയോ ഇല്ല.' ജിതേഷ് പിടിഐയോട് പറഞ്ഞു.
ജിതേഷിന്റെ പിതാവ് മോഹന്‍ ശര്‍മ കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് അന്തരിച്ചത്. ടീം കോമ്പിനേഷനിലെ മാറ്റങ്ങള്‍ മൂലമാണ് ജിതേഷിന് ടീമിൽ അവസരം നഷ്ടമായത്. ഓപ്പണിങ് വിക്കറ്റ് കീപ്പർമാരെയായിരുന്നു ഇന്ത്യ നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ നറുക്ക് വീണത് സഞ്ജു സാംസണും ഇഷാൻ കിഷനുമായിരുന്നു. ഇരുവരും ടൂർണമെന്റിൽ തിളങ്ങുകയും ചെയ്തു.
അച്ഛന്റെ വേര്‍പാട് തന്നെ മാനസികമായി തളര്‍ത്തിയെങ്കിലും ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഇപ്പോള്‍ തന്റെ തോളിലാണെന്ന് ജിതേഷ് പറഞ്ഞു. മുതിര്‍ന്ന മകന്‍ എന്ന നിലയില്‍ അമ്മയ്ക്കും സഹോദരനും തണലായി മാറേണ്ടതുണ്ടെന്നും, അവരുടെ മുന്നില്‍ തളര്‍ന്നുപോകാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കായി ഇതുവരെ 16 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജിതേഷ്, 151.40 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 162 റണ്‍സ് നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ജിതേഷ്.
Content Highlights:jitesh sharma on t20 world cup snub and father death