'അനാവശ്യ ചോദ്യങ്ങള്‍ വേണ്ട'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

സൂര്യകുമാർ യാദവും ജയ് ഷായും ഗൗതം ഗംഭീറും ട്രോഫിയുമായി ക്ഷേത്രത്തിലെത്തിയതിനെതിരെ കീര്‍ത്തി ആസാദ് തുറന്നടിച്ചിരുന്നു

'അനാവശ്യ ചോദ്യങ്ങള്‍ വേണ്ട'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍
dot image

2026 ടി20 ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യ കുമാർ യാദവും ഐസിസി ചെയർമാൻ ജയ് ഷായും കോച്ച് ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിൽ ക്ഷേത്ര സന്ദർശനം നടത്തിയതിൽ മുൻ ക്രിക്കറ്റ് താരവും 1983ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമം​ഗം കൂടിയായ കീർത്തി ആസാദ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ 'ടീം ഇന്ത്യയ്ക്ക് നാണക്കേട്' എന്നാണ് കീർത്തി ആസാദ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കായികരംഗം ഒരു പ്രത്യേക മതത്തെയല്ല, മറിച്ച് മുഴുവൻ രാജ്യത്തെയാണ് പ്രതിനിധീകരിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

ഇപ്പോഴിതാ കീർ‌ത്തി ആസാദിന്റെ വിമർശനങ്ങളോട് ഇന്ത്യൻ താരം ഇഷാൻ കിഷൻ പ്രതികരിച്ചതും വാർത്തയാവുകയാണ്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ വിമാനത്താവളത്തിൽ വെച്ച് നടന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കിടെ മുൻ ഇന്ത്യൻ താരവും എംപിയുമായ കീർത്തി ആസാദ് ഉന്നയിച്ച വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ താരത്തെ ചൊടിപ്പിക്കുകയാണ് ചെയ്തത്.

ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇത്തരം അനാവശ്യ ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലെന്ന് ഇഷാൻ കിഷൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ‘ഈ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. കീർത്തി ആസാദിന്‍റെ ചോദ്യങ്ങൾക്ക് ഞങ്ങൾ മറുപടി നൽകുന്നില്ല. ദയവായി നല്ല വല്ല കാര്യവും ചോദിക്കൂ. ഞങ്ങൾ രാജ്യത്തിന് വേണ്ടിയാണ് ക്രിക്കറ്റ് കളിക്കുന്നത്. ഞങ്ങൾ ലോകകപ്പ് ജയിച്ചിരിക്കുകയാണ്. നിങ്ങൾ ചോദിക്കുന്നത് തികച്ചും അർത്ഥശൂന്യമായ കാര്യങ്ങളാണ്. നിലവിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇന്ത്യൻ ടീം വിജയിച്ചത് രാജ്യത്തിന് വലിയ കാര്യമാണ്. വരും കാലങ്ങളിലും ഇത്തരത്തിൽ മികച്ച രീതിയിൽ കളിക്കാനും രാജ്യത്തിനായി കൂടുതൽ വിജയങ്ങൾ നേടാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു‘, കിഷൻ വ്യക്തമാക്കി.

അഹമ്മദാബാദില്‍ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ മുട്ടുകുത്തിച്ച് ഇന്ത്യ ലോകകിരീടം ചൂടിയതിന് പിന്നാലെയാണ് നായകൻ സൂര്യകുമാർ യാദവും ഐസിസി ചെയർമാനായ ജയ് ഷായും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്. പിന്നാലെയാണ് എക്സിലൂടെ മുൻ ക്രിക്കറ്റ് താരം കടുത്ത വിമർശനം ഉന്നയിച്ചത്.

‘ഈ ടീം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, സൂര്യകുമാർ യാദവിന്റേയോ ജയ് ഷായുടേയോ കുടുംബത്തെയല്ല. സിറാജ് കപ്പ് പള്ളിയിൽ പ്രദർശിപ്പിച്ചിട്ടില്ലല്ലോ, സഞ്ജു ചർച്ചിലേക്കും കൊണ്ടുപോയിട്ടില്ല. ഈ ട്രോഫി 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. ഇതൊരു മതത്തിന്റെ മാത്രം വിജയഘോഷയാത്രയല്ല’, കീർത്തി ആസാദ് കുറിച്ചു.

‘1983‌ൽ കപിൽ ദേവിന്‍റെ നേതൃത്വത്തിൽ ഞങ്ങൾ ലോകകപ്പ് നേടിയപ്പോൾ, ടീമിൽ ഹിന്ദുവും മുസ്ലീമും സിഖുകാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഞങ്ങളുടെ മാതൃഭൂമിയായ ഭാരതത്തിലേക്കാണ് ഞങ്ങൾ ട്രോഫി കൊണ്ടുവന്നത്’. എന്തിനാണ് ഇന്ത്യ നേടിയ ലോകകപ്പിനെ ഇത്തരത്തിൽ ഒരു മതവിഭാഗത്തിന്‍റേതായി ചുരുക്കുന്നതെന്നും കീർത്തി ആസാദ് ചോദിച്ചു.

Content Highlights: Ishan Kishan on row as Kirti Azad objected to T20 World Cup trophy taken to temple

dot image
To advertise here,contact us
dot image