'സഞ്ജുവും സിറാജും ലോകകപ്പുമായി പള്ളിയില്‍ പോയിട്ടില്ല'; ട്രോഫി ക്ഷേത്രത്തില്‍ എത്തിച്ചതിനെതിരെ കീർത്തി ആസാദ്

മുൻ ക്രിക്കറ്റ് താരവും 1983ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമം​ഗം കൂടിയായ കീർത്തി ആസാദാണ് ലോകകപ്പുമായി ക്ഷേത്രത്തിലെത്തിയതിനെതിരെ തുറന്നടിച്ചത്

'സഞ്ജുവും സിറാജും ലോകകപ്പുമായി പള്ളിയില്‍ പോയിട്ടില്ല'; ട്രോഫി ക്ഷേത്രത്തില്‍ എത്തിച്ചതിനെതിരെ കീർത്തി ആസാദ്
dot image

2026 ടി20 ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യ കുമാർ യാദവും ഐസിസി ചെയർമാൻ ജയ് ഷായും കോച്ച് ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിൽ ക്ഷേത്ര സന്ദർശനം നടത്തിയതിൽ രൂക്ഷ വിമർശനം. മുൻ ക്രിക്കറ്റ് താരവും 1983ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമം​ഗം കൂടിയായ കീർത്തി ആസാദാണ് ലോകകപ്പുമായി ക്ഷേത്രത്തിലെത്തിയതിനെതിരെ തുറന്നടിച്ചത്. വ്യത്യസ്ത വിശ്വാസംപേറുന്ന 140 കോടിയോളം ഇന്ത്യക്കാർക്ക് അവകാശപ്പെട്ട ലോകകപ്പിനെ മതത്തിൽ കൊണ്ടുകെട്ടുന്നതെന്ന് എന്തിനാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ടീം ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നുവെന്നും കീർത്തി ആസാദ് പറഞ്ഞു.

അഹമ്മദാബാദില്‍ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ മുട്ടുകുത്തിച്ച് ഇന്ത്യ ലോകകിരീടം ചൂടിയതിന് പിന്നാലെയാണ് നായകൻ സൂര്യകുമാർ യാദവും ഐസിസി ചെയർമാനായ ജയ് ഷായും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്. പിന്നാലെയാണ് എക്സിലൂടെ മുൻ ക്രിക്കറ്റ് താരം കടുത്ത വിമർശനം ഉന്നയിച്ചത്.

‘ഈ ടീം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, സൂര്യകുമാർ യാദവിന്റേയോ ജയ് ഷായുടേയോ കുടുംബത്തെയല്ല. സിറാജ് കപ്പ് പള്ളിയിൽ പ്രദർശിപ്പിച്ചിട്ടില്ലല്ലോ, സഞ്ജു ചർച്ചിലേക്കും കൊണ്ടുപോയിട്ടില്ല. ഈ ട്രോഫി 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. ഇതൊരു മതത്തിന്റെ മാത്രം വിജയഘോഷയാത്രയല്ല’, കീർത്തി ആസാദ് കുറിച്ചു.

‘1983‌ൽ കപിൽ ദേവിന്‍റെ നേതൃത്വത്തിൽ ഞങ്ങൾ ലോകകപ്പ് നേടിയപ്പോൾ, ടീമിൽ ഹിന്ദുവും മുസ്ലീമും സിഖുകാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഞങ്ങളുടെ മാതൃഭൂമിയായ ഭാരതത്തിലേക്കാണ് ഞങ്ങൾ ട്രോഫി കൊണ്ടുവന്നത്’. എന്തിനാണ് ഇന്ത്യ നേടിയ ലോകകപ്പിനെ ഇത്തരത്തിൽ ഒരു മതവിഭാഗത്തിന്‍റേതായി ചുരുക്കുന്നതെന്നും കീർത്തി ആസാദ് ചോദിച്ചു.

Content Highlights: Kirti Azad slams Surya Kumar Yadav, Jay Shah for temple visit with T20 World Cup trophy

dot image
To advertise here,contact us
dot image