'സഞ്ജുവിനെ വീഴ്ത്താന്‍ വഴിയുണ്ട്'; ആര്‍ച്ചര്‍ക്ക് 'ബ്ലൂ പ്രിന്റ്' നല്‍കി ഫാഫ് ഡുപ്ലെസിസ്‌

ഫോമിലേക്കുയർന്ന സഞ്ജുവിനെ നേരിടാൻ ഇം​ഗ്ലണ്ട് കൃത്യമായ പദ്ധതി തന്നെ ഒരുക്കിയിരിക്കുമെന്ന് തീർച്ചയാണ്

'സഞ്ജുവിനെ വീഴ്ത്താന്‍ വഴിയുണ്ട്'; ആര്‍ച്ചര്‍ക്ക് 'ബ്ലൂ പ്രിന്റ്' നല്‍കി ഫാഫ് ഡുപ്ലെസിസ്‌
dot image

2026 ടി20 ലോകകപ്പിൽ രണ്ടാം സെമി ഫൈനലിൽ ഇന്ത്യയും ഇം​ഗ്ലണ്ടും നേർക്കുനേർ വരുമ്പോൾ എല്ലാ കണ്ണുകളും മലയാളി താരം സഞ്ജു സാംസണിലേക്കാണ്. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടത്തിൽ മാച്ച് വിന്നിങ് ഇന്നിങ്സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ഹീറോയായി മാറിയ സഞ്ജു തന്നെയാണ് സെമിയിലും ഇന്ത്യയുടെ പ്രതീക്ഷ.

ഫോമിലേക്കുയർന്ന സഞ്ജുവിനെ നേരിടാൻ ഇം​ഗ്ലണ്ട് കൃത്യമായ പദ്ധതി തന്നെ ഒരുക്കിയിരിക്കുമെന്ന് തീർച്ചയാണ്. ഒരു വര്‍ഷത്തിന് ശേഷം സഞ്ജുവും ഇം​ഗ്ലണ്ടിന്റെ സൂപ്പർ താരം ജോഫ്ര ആര്‍ച്ചറും നേര്‍ക്കുനേര്‍ വരികയാണ്. രാജസ്ഥാന്‍ റോയല്‍സിലെ തന്റെ മുന്‍ ക്യാപ്റ്റനെതിരെ ജോഫ്ര ആര്‍ച്ചര്‍ ഷോര്‍ട്ട് ബോള്‍ കെണിയുമായി വീണ്ടും അവതരിക്കുമെന്നുറപ്പ്.

ഇംഗ്ലണ്ടിനെതിരായ പ്രകടനത്തിന് മുന്‍പായി സഞ്ജുവിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകനായ ഫാഫ് ഡു പ്ലെസിസ്. 140 കിലോമീറ്ററിന് മുകളില്‍ വേഗതയുള്ള പന്തുകള്‍ സഞ്ജുവിനെ സമ്മര്‍ദത്തിലാക്കുമെന്നും സഞ്ജുവിനെതിരെ ജോഫ്ര ആര്‍ച്ചര്‍ വേഗതയുള്ള ഷോട്ട് ബോളുകള്‍ എറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയില്‍ സംസാരിക്കവേയായിരുന്നു ഡുപ്ലെസിയുടെ പ്രതികരണം.

‘നല്ല വേഗതയുള്ള പന്തുകള്‍ക്ക് സഞ്ജു സാംസണെ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കും. 140 കിലോമീറ്ററിന് മുകളില്‍ വേഗതയുള്ള ഷോട്ട് ബോളുകള്‍ എറിഞ്ഞാല്‍ സഞ്ജുവിനെ ആക്രമിക്കാം. അത് സഞ്ജുവിന്റെ ഒരു ദൗർബല്യമാണ്. ഇംഗ്ലണ്ടിന്റെ ഇക്കാര്യത്തില്‍ കൃത്യമായ ഒരു ബ്ലൂപ്രിന്റ് ഉണ്ടാകും. അതുകൊണ്ടുതന്നെ ജോഫ്ര ആര്‍ച്ചര്‍ അവനെതിരെ ഷോര്‍ട്ട് ബോളുകള്‍ എറിയണം. സഞ്ജുവിനെ അത് ആശയകുഴപ്പത്തിലാക്കും. ഈ പന്തുകള്‍ എങ്ങനെ നേരിടണമെന്നതാവും സഞ്ജുവിന് മുന്നിലെ ചോദ്യം. ആ പന്തുകളെ ആക്രമിക്കണോ അതോ കരുതലോടെ കളിച്ച് മറ്റ് ബൗളര്‍മാരെ നേരിടണോ എന്നത് സഞ്ജുവാണ് തീരുമാനിക്കേണ്ടത്’, ഡുപ്ലെസി പറഞ്ഞു.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights: T20 World Cup 2026, ​IND vs ENG semi final; Faf du Plessis gives 'blueprint' for Jofra Archer to challenge Sanju Samson

dot image
To advertise here,contact us
dot image