

ടി20 ലോകകപ്പിലെ രണ്ടാം സെമി പോരാട്ടത്തിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ടീം കോമ്പിനേഷനിൽ നിർണ്ണായക മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ യുവതാരം അഭിഷേക് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷനെ ഓപ്പണറായി ഇറക്കണമെന്നാണ് ശാസ്ത്രിയുടെ നിർദേശം
ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മ ഈ ലോകകപ്പിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് വെറും 13.3 ശരാശരിയിൽ 80 റൺസ് മാത്രമാണ് അഭിഷേക് നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് തവണ പൂജ്യത്തിന് പുറത്തായ അഭിഷേക്, വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 11 പന്തിൽ 10 റൺസ് മാത്രമാണ് നേടിയത്.
സെമിയില്‍ അഭിഷേകിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തും മുമ്പ് അവന്‍റെ ആത്മവിശ്വാസം തകർന്നിട്ടുണ്ടോ എന്ന് ടീം മാനേജ്‌മെന്‍റ് പരിശോധിക്കണമെന്ന് ശാസ്ത്രി പറഞ്ഞു. നെറ്റ്‌സിലെ അവന്‍റെ ബാറ്റിംഗ് കൂടി നോക്കി വേണം അഭിഷേകിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാൻ. മാനസികമായി അവന്‍ തളർന്നിട്ടുണ്ടെങ്കിൽ സഞ്ജു സാംസണിനൊപ്പം ഇഷാൻ കിഷനെ ഓപ്പണറാക്കണമെന്നും മധ്യനിരയിൽ റിങ്കു സിംഗിനെ തിരികെ കൊണ്ടുവരണമെന്നും ശാസ്ത്രി പറഞ്ഞു.
അഭിഷേകിന്‍റെ ആത്മവിശ്വാസം തകര്‍ന്നിട്ടുണ്ടെങ്കില്‍ മാത്രമായിരിക്കും ഇഷാൻ കിഷനെ ഓപ്പണറാക്കുന്നതിനെക്കുറി താൻ ചിന്തിക്കുകയെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം വാംഖഡെയിൽ ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോൾ അഭിഷേക് 54 പന്തിൽ 135 റൺസ് അടിച്ചുകൂട്ടിയിരുന്നുവെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി.
ഈ ടൂർണമെന്‍റിൽ മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ ഏഴ് മത്സരങ്ങളിൽ നിന്ന് 185 സ്ട്രൈക്ക് റേറ്റിൽ 224 റൺസ് നേടിയിട്ടുണ്ട്. നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഇഷാൻ 24 പന്തിൽ 61 റൺസ് അടിച്ചുകൂട്ടിയിരുന്നു. അതേസമയം, റിങ്കു സിംഗിന് ഈ ലോകകപ്പിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. സഞ്ജു സാംസൺ ആകട്ടെ കിട്ടിയ മൂന്ന് മത്സരങ്ങളിലും തിളങ്ങി, വിൻഡീസിനെതിരായ മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ സെമിയിലേക്ക് നയിക്കുകയും ചെയ്തു.
Content Highlights: ravi-shastri-india-playing-xi-vs-england-semi-final-2026