

ടി20 ലോകകപ്പിന്‍റെ ആദ്യ സെമിയിൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും നേർക്കുനേർ വരും.
ടൂർണമെന്റിൽ അപരാജിതരായി എത്തുന്ന ദക്ഷിണാഫ്രിക്ക തന്നെയാണ് സാധ്യതകളിൽ മുന്നിൽ. എല്ലാ മത്സരവും ജയിച്ചു എന്ന് മാത്രമല്ല, അതിശക്തരും ടി 20 ലോകകപ്പിൽ സമീപ എഡിഷനുകളിലായി പത്തിലധികം മത്സരങ്ങളായി തോൽവി വഴങ്ങാത്ത ഇന്ത്യയെ വൻ തോൽവിയിലേക്ക് തള്ളിവിടുകയും ചെയ്തു പ്രോട്ടിയാസ്.
ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്താൻ, ന്യൂസിലാൻഡ്, യു എ ഇ, കാനഡ എന്നിവരെയെല്ലാം തോൽപ്പിച്ച പ്രോട്ടീസ് സൂപ്പർ എട്ടിൽ ഇന്ത്യ, വെസ്റ്റ് ഇൻഡിസ്, സിംബാവെ എന്നീ ടീമുകളെയും തോൽപ്പിച്ചു. ആധികാരിക വിജയങ്ങളായിരുന്നു ഇതൊക്കെയും.
ഇതിൽ ഗ്രൂപ്പ് റൗണ്ടിൽ കിവികളെ തോൽപ്പിച്ചത് പ്രോട്ടീസിന് ആത്മ വിശ്വാസം നൽകും. അന്ന് കിവികൾ ഉയർത്തിയ 175 റൺസ് കൂറ്റൻ വിജയലക്ഷ്യം മാർക്രവും സംഘവും മറികടന്നത് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു.
സൂപ്പർഎട്ടിൽ ശ്രീലങ്കയും പാകിസ്താനും തമ്മിൽ നടന്ന മത്സര ഫലമാണ് ന്യൂസിലാൻഡിന് സെമി ടിക്കറ്റ് നൽകിയത്. ഗ്രൂപ്പ് റൗണ്ടിൽ കാനഡ, യു എ ഇ, അഫ്ഗാനിസ്താൻ എന്നിവരെ തോൽല്പിച്ച ന്യൂസിലാൻഡ് ആകെ അടിയറവ് പറഞ്ഞത് ഇതേ പ്രോട്ടിയാസിനോടാണ്.
സൂപ്പർ എട്ടിലെ പാകിസ്താനുമായുള്ള ആദ്യ മത്സരം മഴയിൽ ഒളിച്ചുപോയപ്പോൾ തൊട്ടടുത്ത മത്സരം ശ്രീലങ്കയോട് ജയിച്ചു. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോൽക്കുകയും ചെയ്തു. ടൂർണമെന്റിലെ പ്രകടനത്തിന്റെ കാര്യത്തിൽ അത് കൊണ്ട് തന്നെ പ്രോട്ടിയാസ് തന്നെയാണ് മുന്നിൽ.
അതേ സമയം മഴ ഭീഷണി ഉയർത്തിയാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. സൂപ്പർ 8 ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, സെമി ഫൈനലുകൾക്കും ഫൈനലിനും ഐസിസി റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ച നിശ്ചിത സമയത്ത് കളി നടന്നില്ലെങ്കിൽ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂർത്തിയാക്കാൻ ശ്രമിക്കും. എന്നിട്ടും മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ മത്സരം തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ചയിലേക്ക് മാറ്റും. ബുധനാഴ്ച കളി എവിടെയാണോ നിർത്തിയത്, അവിടെ നിന്നുതന്നെ വ്യാഴാഴ്ച മത്സരം പുനരാരംഭിക്കും.
റിസർവ് ദിനത്തിലും കളി നടത്താൻ സാധിക്കാത്ത വിധം മഴ തുടരുകയാണെങ്കിൽ വിജയികളെ തീരുമാനിക്കാൻ സൂപ്പർ ഓവറോ ടോസോ ഉണ്ടാകില്ല. പകരം സൂപ്പർ 8 ഘട്ടത്തിലെ പ്രകടനമാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൂപ്പർ 8 ഘട്ടത്തിൽ ഗ്രൂപ്പ് 1-ൽ മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്‍റോടെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. എന്നാൽ ന്യൂസിലൻഡ് ഗ്രൂപ്പ് 2-ൽ 3 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. അതിനാൽ മത്സരം പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.
Content Highlights: SA vs NZ Semi Final 2026, T20 World Cup Live, Rain Rules T20 WC