

ടി20 ലോകകപ്പില്‍ നിര്‍ണായക ഇന്നിങ്‌സുമായി സഞ്ജു സാംസണ്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചതിനുപിന്നാലെ താരത്തിന്റെ ഭാര്യ ചാരുലത പങ്കുവെച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ വിജയത്തിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ സഞ്ജുവിനെ ചാരുലത വീഡിയോ കോള്‍ ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ചാരുലത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റും വൈറലായത്.
വിന്‍ഡീസിനെതിരായ സഞ്ജുവിന്റെ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ചാരുലതയുടെ പോസ്റ്റ്. ഈ പോസ്റ്റിന്റെ ക്യാപ്ഷനാണ് ആരാധകര്‍ ചര്‍ച്ചയാക്കാനുള്ള മുഖ്യകാരണം. മോശം ഫോമിനെച്ചൊല്ലി സഞ്ജു നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സമയത്ത് താരത്തെ പിന്തുണച്ച് ചാരുലത മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിരുന്നു. ആ പോസ്റ്റിലെ അതേ വരികളാണ് പുതിയ പോസ്റ്റിലും ചാരുലത ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രത്യേകത.
ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ഫോ കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ചാരു നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ വൈകാരികമായി പ്രതികരിച്ചത്. 'കഴിയാവുന്നതെല്ലാം ചെയ്തിട്ടും ഉത്തരങ്ങള്‍ ഇല്ലാതാവുമ്പോള്‍, തലകുനിച്ച് ജീവിതത്തെ അതിന്റെ വഴിക്ക് വിടേണ്ടിവരും. കാരണം ചിലപ്പോള്‍ കാര്യങ്ങളെ നമുക്ക് സ്വീകരിക്കാനേ കഴിയൂ, വിശദീകരിക്കാനാവില്ല', എന്നായിരുന്നു ചാരുലത അന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ഇതേ വരികള്‍ തന്നെയാണ് ചാരുലത വീണ്ടും പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 'കാരണം ചില നിമിഷങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണ്, അത് വിശദീകരിക്കാനാവില്ല. ഈ മനുഷ്യനെ എന്റേതെന്ന് വിളിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അനുഗ്രഹീതയാണ്. എപ്പോഴും ഞാന്‍ കടപ്പെട്ടിരിക്കുന്നു', ചാരു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അന്നുമുതല്‍ തന്നെ സഞ്ജുവിനെ പിന്തുണച്ചും വിശ്വാസമര്‍പ്പിച്ചും കൂടെ നില്‍ക്കുന്ന ചാരുവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദിച്ച് കമന്റുകളുമായി രംഗത്തെത്തുന്നത്. 'സഞ്ജുവിന്റെ മാത്രം ചാരു', 'സഞ്ജുവിന്റെ അനുഗ്രഹം', 'ഏറ്റവും ഭാഗ്യം ചെയ്ത ഭാര്യ' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയുടെ മാച്ച് വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
Content Highlights: T20 World Cup 2026: Sanju Samson's Wife Charulatha Ramesh's Instagram Post Goes Viral