

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണിന്റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഭാര്യ ചാരുലത രമേഷ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ചർച്ചയാവുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ടി20യിലും തിളങ്ങാൻ കഴിയാതെ പോയ സഞ്ജുവിന്റെ ഫോമിനെച്ചൊല്ലി വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ചാരുലതയുടെ ഈ വൈകാരികമായ പ്രതികരണം.
'കഴിയാവുന്നതെല്ലാം ചെയ്തിട്ടും ഉത്തരങ്ങൾ ഇല്ലാതാവുമ്പോൾ, തലകുനിച്ച് ജീവിതത്തെ അതിന്‍റെ വഴിക്ക് വിടേണ്ടിവരും. കാരണം ചിലപ്പോൾ കാര്യങ്ങളെ നമുക്ക് സ്വീകരിക്കാനേ കഴിയൂ, വിശദീകരിക്കാനാവില്ല', എന്നായിരുന്നു ചാരുലത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. തൊട്ടടുത്ത സ്റ്റോറിയിൽ എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്‍റെ ചിത്രവും ചാരുലത പങ്കുവെച്ചു.

സഞ്ജുവിന്റെ കരിയറിലെ ഈ പ്രയാസകരമായ ഘട്ടത്തിൽ അദ്ദേഹത്തിന് കരുത്തായി നിൽക്കുകയാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിലും 6 റൺസിന് പുറത്തായതോടെ സഞ്ജുവിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. പരമ്പരയിലുടനീളം പതറിയ സഞ്ജുവിന് അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് നേടാനായത്. ഫെബ്രുവരി 7-ന് ലോകകപ്പ് തുടങ്ങാനിരിക്കെ, സഞ്ജുവിന്റെ ഈ ഫോമില്ലായ്മ സെലക്ടർമാരെയും ആശങ്കയിലാക്കുന്നുണ്ട്.
Content Highlights: Sanju Samson's Wife Charulatha Ramesh's Instagram Story sparks discussion amid backlash