

മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ മുന്‍ പങ്കാളിയുമായ ഷുഹൈബ് മാലിക്. സാനിയയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ 2023ല്‍ പാകിസ്താനി നടി സന ജാവേദിനെ മാലിക് വിവാഹം ചെയ്തിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും മാലിക് മൂന്നാമതും വിവാഹത്തിന് ഒരുങ്ങുന്നുവെന്നുമാണ് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.
ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ക്കും അടിസ്ഥാനരഹിതമാണെന്നും കുറച്ച് ലൈക്കുകള്‍ക്കും വ്യൂസിവും വേണ്ടി വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ കുടുംബങ്ങളെ തകര്‍ക്കുകയാണെന്നും മാലിക് ആഞ്ഞടിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികനായ കുറിപ്പിലൂടെയാണ് താരം വ്യാജവാര്‍ത്തകള്‍ക്കെതിരെ മൗനം വെടിഞ്ഞത്. അപവാദങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മാലിക് മുന്നറിയിപ്പ് നല്‍കി.

'2023ലാണ് ഞാന്‍ ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചത്. പരസ്പരസമ്മതത്തോടെയായിരുന്നു ഞങ്ങള്‍ പിരിഞ്ഞതും. മകനെ ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ത്തുന്നത്. എന്റെ സ്വകാര്യജീവിതം സ്വകാര്യമായിത്തന്നെ സൂക്ഷിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ എന്റെ മൗനത്തെ ചിലര്‍ മുതലെടുത്തു'
'കെട്ടിച്ചമച്ച കഥകളോട് ഇപ്പോള്‍ പ്രതികരിക്കേണ്ട സമയം വന്നിരിക്കുകയാണ്. എനിക്കെതിരെ വരുന്ന ഇത്തരം അഭ്യൂഹങ്ങളും കെട്ടുകഥകളുമെല്ലാം വായിക്കാനുള്ള പ്രായം എന്റെ മകന് ആയിട്ടുണ്ട്. കുറച്ച് വ്യൂസിനും ചെറിയ വരുമാനത്തിനും വേണ്ടിയാണ് ആളുകള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത്. ഇതിനെല്ലാമപ്പുറം ഒരുപാട് ജീവിതങ്ങളുണ്ട്. നിങ്ങള്‍ക്കുള്ളതുപോലെ ഒരു കുടുംബം എനിക്കുമുണ്ട്. ഈ സന്ദേശം എല്ലാവരും പോസിറ്റീവായി എടുക്കുമെന്നും എന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ചുള്ള ഊഹാപോഹങ്ങളും തമാശകളും നിര്‍ത്തുമെന്നും ഞാന്‍ കരുതുന്നു', മാലിക് കുറിച്ചു.
Shoaib Malik statement on rumours circulating about his 3rd marriage. pic.twitter.com/qAQupQrwuA
— Sohaib Talks Cricket (@Sohaib66634213) February 28, 2026
2012 ൽ ഹൈദരാബാദിൽ വെച്ചാണ് ഷുഹൈബ് മാലികും സാനിയ മിർസയും വിവാഹിതരാവുന്നത്. ഇസാൻ എന്ന മകനുണ്ട് ഇരുവർക്കും. 2022 മുതൽ സാനിയയും ഷുഹൈബും അകൽച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിക്കുകയാണ് ചെയ്തത്. രണ്ടു പേരും തിരക്കുള്ളവരായതിനാൽ ഒരുമിച്ചു ചിലവഴിക്കാൻ സമയം ലഭിക്കുന്നത് കുറവാണെന്നും, ആയതിനാൽ തന്നെ പുറത്തു വരുന്നത് കിംവദന്തികൾ ആണെന്നാണ് വാർത്തകളോട് അന്ന് ഷുഹൈബ് പ്രതികരിച്ചത്. എന്നാൽ പിന്നീട് 2023ൽ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.
Content Highlights: ‘My son reads these stories’: Shoaib Malik Breaks Silence On Rumours Of 3rd Marriage