

രഞ്ജി ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ജമ്മു കശ്മീരിന്റെ പേസര്‍ അക്വിബ് നബി. സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത നബിയെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി സെലക്ടര്‍മാരോട് ആവശ്യപ്പെട്ടു.
'പ്രയത്‌നവും നിശ്ചയദാര്‍ഢ്യവും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താന്‍ ജമ്മു കശ്മീരിന് സാധിച്ചു. കഠിനമായ സാഹചര്യങ്ങളാണ് കരുത്തരായ മനുഷ്യരെ സൃഷ്ടിക്കുന്നത്. അക്വിബ് നബി ഇന്ത്യന്‍ ജേഴ്‌സി അണിയാന്‍ സമയമായിരിക്കുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ് അവന് അരങ്ങേറ്റം കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.' ഗാംഗുലി കുറിച്ചിട്ടു.
ഫൈനലില്‍ 23 ഓവറില്‍ ഏഴ് മെയ്ഡനടക്കം വെറും 54 റണ്‍സ് വഴങ്ങിയാണ് നബി 5 വിക്കറ്റുകള്‍ വീഴ്ത്തിയത്. കര്‍ണാടകയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ അദ്ദേഹം തകര്‍ത്തെറിഞ്ഞു. കെ.എല്‍ രാഹുല്‍, കരുണ്‍ നായര്‍, സ്മരണ്‍ രവിചന്ദ്രന്‍ എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തിയ നബി, കര്‍ണാടകയെ ഒരു ഘട്ടത്തില്‍ 57 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിയിട്ടു. പിന്നീട് ശിഖര്‍ ഷെട്ടിയെ കൂടി പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.
ആദ്യ ഇന്നിങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 584 റണ്‍സ് പിന്തുടര്‍ന്ന കര്‍ണാടകയെ 293 റണ്‍സിന് പുറത്താക്കുന്നതില്‍ നബി നിര്‍ണായക പങ്കുവഹിച്ചു. ഇതോടെ ജമ്മു കശ്മീരിന് 291 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. ശേഷം രണ്ടാം ഇന്നിങ്‌സ് ബാറ്റ് ആരംഭിച്ച ജമ്മു കശ്മീര്‍ നാലാം ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടിയിട്ടുണ്ട്. 477 റൺസിന്റെ ലീഡാണ് ജമ്മു കാശ്മീരിനുള്ളത്. നാളെയാണ് അഞ്ചാമത്തേയും അവസാനത്തെയും ദിനം.
Content Highlights : Auqib Nabi for IND vs ENG? Sourav Ganguly urges selectors after Ranji final heroics