

2026 ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ദയനീയ പരാജയം വഴങ്ങിയതിന് പിന്നാലെ ഒരു 'കപ്പ് കേക്കി'നെ കുറിച്ചാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. നിർണായക പോരാട്ടത്തിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ ഒരു വീഡിയോയാണ് ഈ ചർച്ചകൾക്ക് വഴിയൊരുക്കിയത്. മത്സരത്തിന് മുൻപേ ദക്ഷിണാഫ്രിക്കൻ ടീമിനെ അപമാനിക്കുന്ന തരത്തിലാണ് ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാർമാരായ സ്റ്റാർ സ്പോർട്സ് ഈ വീഡിയോ പുറത്തിറക്കിയത്.
ഒരു ഇന്ത്യൻ ആരാധകൻ ദക്ഷിണാഫ്രിക്കൻ ആരാധകനെ ‘കപ്പ് കേക്ക്’ കഴിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രോളുന്നതാണ് പരസ്യത്തിലുള്ളത്. ഒരു കഫേയിലെത്തുന്ന ഇന്ത്യൻ ആരാധകനും ദക്ഷിണാഫ്രിക്കൻ ആരാധകനും മുന്നിൽ ഒരൊറ്റ കപ്പ് കേക്ക് മാത്രമാണുള്ളത്. പെട്ടെന്നുതന്നെ ദക്ഷിണാഫ്രിക്കൻ ആരാധകൻ ആ കേക്ക് എടുത്തു കഴിക്കുന്നു. ഇതുകണ്ട ഇന്ത്യൻ ആരാധകൻ 'കപ്പ് കേക്ക് താങ്കൾ തന്നെ കഴിച്ചോളൂ, 2024 കപ്പ് ഞങ്ങൾ (ഇന്ത്യൻ ടീം) നേടിയതാണല്ലോ, ഇത്തവണത്തെ സൂപ്പർ 8 മത്സരവും ഞങ്ങൾ ജയിക്കും, നിങ്ങൾ കപ്പ് കേക്ക് കഴിച്ചു ഇവിടെ തന്നെ ഇരിക്കൂ' എന്നായിരുന്നു പരസ്യത്തിൽ പറയുന്നത്.
ഈ പരസ്യ വീഡിയോയ്ക്കെതിരെ വലിയ വിമർശനമാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ ഉയർത്തിയത്. എന്നാൽ മത്സരത്തിന്റെ അന്തിമ ഫലം മറ്റൊന്നായിരുന്നു. സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയതോടെ സ്റ്റാർ സ്പോർട്സിന് ഈ വീഡിയോ പിൻവലിക്കേണ്ടിവരികയും ചെയ്തു.
എന്നാൽ ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കൻ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ തഞ്ച വൂർ, സ്റ്റാർ സ്‌പോർട്‌സിന്റെ ‘കപ്പ്‌കേക്ക്’ പരസ്യത്തെയും ഇന്ത്യൻ ടീമിനെയും പരിഹസിച്ച് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ തോൽവിയുടെ സ്‌കോർകാർഡ് സ്‌ക്രീനിൽ കാണിക്കുമ്പോൾ തഞ്ച വൂർ ഒരു കപ്പ് കേക്ക് കഴിക്കുന്നതാണ് വിഡിയോയിലുള്ളത്. കേപ്പ് ടൗൺ ക്രിക്കറ്റ് ക്വീൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Content Highlights: T20 World Cup: South African fan mocks India after Star Sports’ ‘cupcake’ ad backfires following defeat